ലോകത്തെ ഏറ്റവുംവലിയ ടെക്നോളജി പ്രദർശനമേളകളിലൊന്നായ ഗൾഫ് ഇൻഫർമേഷൻ ടെക്‌നോളജി എക്സിബിഷന് (ജൈറ്റെക്സ്) ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ (ഡി.ഡബ്ല്യു.ടി.സി.) തിങ്കളാഴ്ച തുടക്കമാകും. അടുത്ത വെള്ളി വരെ പ്രദർശനം നീണ്ടുനിൽക്കും. ജൈറ്റെക്സിന്റെ ഭാഗമായുള്ള എക്സ്പാന്റ് നോർത്തേൺ സ്റ്റാർ മേള ദുബായ് ഹാർബറിൽ ഞായറാഴ്ച ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം ദുബായ് പോർട്ട്‌സ് ആൻഡ് ബോർഡേഴ്‌സ് സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവഹിച്ചു. തുടർന്ന്, അദ്ദേഹം പ്രദർശനവേദിയും നടന്നുകണ്ടു. മേള ബുധനാഴ്ചവരെ നീണ്ടുനിൽക്കും.
ലോകമെമ്പാടുമുള്ള പ്രമുഖ ടെക് കമ്പനികളാണ് 44-ാമത് എഡിഷനിൽ പ്രദർശനത്തിനെത്തിയിരിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷനുൾപ്പെടെ കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പ് കമ്പനികളും ഇത്തവണ മേളയിലെത്തുമെന്നാണ് വിവരം. മിഡിലീസ്റ്റിലും പുറത്തുമുള്ള വ്യവസായങ്ങളുടെയും സംരംഭങ്ങളുടെയും ഭാവി രൂപപ്പെടുത്തുന്ന ഏറ്റവുംമികച്ച മാർഗങ്ങളാണ് മേളയിൽ അവതരിപ്പിക്കുക. നിർമിതബുദ്ധി (എ.ഐ.), സൈബർ സുരക്ഷ, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയവയിൽ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ പ്രദർശനം.
180 രാജ്യങ്ങളിൽനിന്ന് 6500 കമ്പനികൾ രണ്ടിടങ്ങളിലായുള്ള പ്രദർശനത്തിൽ പങ്കെടുക്കും. 1200 നിക്ഷേപകരും 1800 സ്റ്റാർട്ടപ്പുകളുമുണ്ടാകും. ദുബായിലെ സർക്കാർ, സ്വകാര്യമേഖലകളിൽനിന്ന് 45 കമ്പനികളും മേളയുടെ ഭാഗമാവും. കൂടാതെ, അബുദാബി, അജ്മാൻ തുടങ്ങിയ എമിറേറ്റുകളിൽനിന്നുള്ള പ്രമുഖ ടെക് കമ്പനികളും പ്രദർശനത്തിനെത്തുന്നുണ്ട്. 65,500 ഡയറക്ടർമാരും മേളയിൽ പങ്കെടുക്കും. ഒട്ടേറെ കരാർ ഒപ്പുവെക്കൽ ചടങ്ങുകൾക്കും മേള സാക്ഷിയാകും. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളുകളിലായാണ് മേള. രണ്ടുലക്ഷത്തിലധികം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ. ഓസ്‌ട്രേലിയ, ആസ്ട്രിയ, കാനഡ, ഗ്രീസ്, അയർലൻഡ് ലാത്വിയ, ലിത്വാനിയ, പോളണ്ട്, മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങൾ ആദ്യമായി മേളയിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞവർഷം 170 രാജ്യങ്ങളിൽനിന്ന് 5000 പ്രദർശകരാണ് പങ്കെടുത്തത്. ഒന്നരലക്ഷത്തിലധികം സന്ദർശകർ മേളയിലെത്തിയെന്നാണ് കണക്ക്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് സന്ദർശനസമയം.