ആഗോള വനിത ഉച്ചകോടി 2023ന് അബൂദബിയിൽ തുടക്കമായി. ഇന്നലെ ശൈഖ ഫാത്വിമ ബിൻത് മുബാറക് ഉദ്ഘാടനം ചെയ്ത ഉച്ചകോടിക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിൻറെ വെർച്വൽ അഭിസംബോധനയോടെയാണ് തുടക്കമായത്. യു.എ.ഇയോടും ലോകത്തോടുമുള്ള ശൈഖ ഫാത്വിമ ബിൻത് മുബാറക്കിൻറെ ദീർഘദൃഷ്ടിയുടെ പ്രതിഫലനമാണ് ഉച്ചകോടിയെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. യു.എ.ഇക്ക് നിരവധി വനിത മന്ത്രിമാരുണ്ട്.
ഫെഡറൽ നാഷനൽ കൗൺസിലിൽ അംഗങ്ങളുണ്ട്. വനിത അംബാസഡർമാരുണ്ട്. അവർ തങ്ങളുടെ രാജ്യത്തെ ചൊവ്വയിലേക്ക് വരെ കൊണ്ടുപോയി. രാജ്യത്തെ കാർബൺ വിമുക്തമാക്കാൻ അവർ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. കാഴ്ചപ്പാടുള്ള ഭരണാധികാരികളുടെ നേർസാക്ഷ്യമാണിത് -രാഷ്ട്രപതി പറഞ്ഞു. ആഗോളതലത്തിൽ യു.എ.ഇയെ പ്രതിനിധീകരിക്കുന്ന ഇമാറാത്തി വനിതകളെ പ്രശംസിക്കുകയും ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവിനുവേണ്ടി ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുത്തു. ഉച്ചകോടി ബുധനാഴ്ച സമാപിക്കും. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരാണ് ഉച്ചകോടിയിൽ സംബന്ധിക്കുന്നത്.