ഷാർജയിൽ 400 ഹെക്ടർ ഗോതമ്പ് പാടങ്ങൾ ഒരുങ്ങി, മൂന്ന് വർഷത്തിൽ ഉത്പാദനം മൂന്നിരട്ടി വർധിപ്പിക്കും
ഷാർജ : ഷാർജയിലെ മലീഹയിൽ 400 ഹെക്ടർ ഗോതമ്പ് പാടങ്ങൾ ഒരുങ്ങി. മരുഭൂമിയിൽ ഗോതമ്പ് വിളയിക്കാനുള്ള മുഴുവൻ സജ്ജീകരണങ്ങളോടെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഗോതമ്പുകൃഷിക്ക് വിത്തിറക്കി. 400 ഹെക്ടർ സ്ഥലത്തെ വിപുലമായ ജലസേചന സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമവും അദ്ദേഹം നിർവഹിച്ചു. ഷാർജയുടെ ഗോതമ്പ് ഉൽപാദന പദ്ധതിയുടെ ആദ്യ ഘട്ടമാണിത്. 2025 നുള്ളിൽ 1400 ഹെക്ടർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കാലാവസ്ഥക്ക് യോജിച്ചവിധം വെള്ളമെത്തിക്കുന്ന ജലസേചനസംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. നാലുമാസത്തിനകം ഇവിടെ ആദ്യം വിളവെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കർഷകർക്ക് സൗജന്യ നിരക്കിൽ വൈദ്യുതിയും വെള്ളവും ഭരണാധികാരി വാഗ്ദാനം ചെയ്തു. മാരകമായ രാസകീടനാശിനികൾ ഒഴിവാക്കി കൃഷി നടത്തുന്നതിന് സാങ്കേതിക സഹായവും ഉറപ്പാക്കിയിട്ടുണ്ട്.
2024ൽ ഗോതമ്പുകൃഷി 880 ഹെക്ടറിലേക്കും 2025ൽ 1400 ഹെക്ടറിലേക്കും വ്യാപിപ്പിക്കും. ഷാർജ എമിറേറ്റിലേക്ക് ആവശ്യമായി വരുന്ന ഗോതമ്പ് ഇറക്കുമതിയുടെ തോത് കുറക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വർഷം 1.7 ദശലക്ഷം മെട്രിക് ടൺ ഗോതമ്പാണ് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇതിൽ 3.3 ലക്ഷം മെട്രിക് ടൺ ഷാർജയിലേക്കു മാത്രമാണെന്നും ഡോ. ശൈഖ് സുൽത്താൻ ചൂണ്ടിക്കാട്ടി.