ഷാർജ : യു.എ.ഇ. ദേശീയ ദിനത്തോടനുബന്ധിച്ച് ഷാർജ എക്സ്‌പോ സെന്ററിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന വിപണനമേളയ്ക്ക് ഇന്ന് തുടക്കമായി . വൈദ്യുത ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, അലങ്കാരവസ്തുക്കൾ, സൗന്ദര്യവർധക വസ്തുക്കൾ, വാച്ചുകൾ തുടങ്ങിയവയുടെ മുൻനിര ബ്രാൻഡുകൾ മികച്ച ഓഫറുകളിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനുള്ള അവസരമാണ് 'ബിഗ് ഷോപ്പർ സെയിൽ 2022' നൽകുന്നത്. ലിസ് എക്സിബിഷൻസാണ് മേളയ്ക്ക് നേതൃത്വം നൽകുന്നത്.
ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ആകർഷകമായ വിലക്കിഴിവിൽ ലഭ്യമാക്കുന്നതിനായി പ്രമുഖ ബ്രാൻഡുകളും ചില്ലറ വ്യാപാരികളും ഒരേ മേൽക്കൂരയ്ക്ക് കീഴിൽ അണിനിരക്കുമെന്ന് എക്സ്‌പോ സെന്റർ സി.ഇ.ഒ. സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു. മേളയുടെ ഭാഗമായി വൈവിധ്യമാർന്ന ദേശീയ ദിനാഘോഷങ്ങളും സ്മരണദിനാഘോഷങ്ങളും നടക്കും. വാരാന്ത്യത്തിൽ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഷോപ്പിങ് നടത്താനാഗ്രഹിക്കുന്നവർക്ക് ആകർഷകമായ വിലയിൽ പ്രിയപ്പെട്ട വസ്തുക്കൾ സ്വന്തമാക്കാനും കഴിയുമെന്ന് ലിസ് എക്സിബിഷൻസ് പ്രതിനിധി ജേക്കബ് വർഗീസ് പറഞ്ഞു. ഡിസംബർ നാല് വരെ രാവിലെ 11 മുതൽ രാത്രി 11 വരെ അഞ്ച് ദിർഹം നിരക്കിൽ മേളയിലേക്ക് പ്രവേശിക്കാം. 12 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.