ദുബായ് : സാധാരണക്കാർക്കായി ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സംഘടിപ്പിച്ച പ്രമേഹ പരിശോധനാ ക്യാമ്പ് ഗിന്നസ് റെക്കോർഡിലേക്ക്. 24 മണിക്കൂറിൽ 12,714 പ്രമേഹ പരിശോധനകൾ പൂർത്തിയാക്കിയാണ് ഗിന്നസ് റെക്കോഡ് നേട്ടം ആസ്റ്റർ സ്വന്തമാക്കിയത്.ഇൻവെസ്റ്റ്മെന്റ് പാർക്ക് രണ്ടിലെ സാധാരണ തൊഴിലാളികൾക്കായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സംഘടിപ്പിച്ച പ്രമേഹ പരിശോധനാ ക്യാമ്പാണ് ലോക റെക്കോഡ് നേടിയിരിക്കുന്നത് . പ്രമേഹത്തെപ്പറ്റി യു.എ.ഇ. യിലെ സാധാരണക്കാരായ തൊഴിലാളികൾക്കിടയിൽ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് പ്രമേഹ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്. ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ഗിന്നസ് വേൾഡ് റെക്കോഡ്സ് ഔദ്യോഗിക വിധികർത്താവായ അൽവാലീദ് ഉസ്മാനിൽനിന്ന് റെക്കോഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
യു.എ.ഇ. തൊഴിൽ മന്ത്രാലയം, ദുബായ് പോലീസ്, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഇൻഡിപെൻഡന്റ് ഡയറക്ടർ ജെയിംസ് മാത്യു, യു.എ.ഇ.യിലെ ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്ക്‌സ് ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ഷെർബാസ് ബിച്ചു, മെഡ്‌കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്ററിലെ ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ഷനില ലൈജു എന്നിവർ സന്നിഹിതരായിരുന്നു. പ്രമേഹ പരിശോധനാ ക്യാമ്പിൽ ഡി.ഐ.പി. ഭാഗത്തുള്ള ലേബർക്യാമ്പിലെ തൊഴിലാളികളാണ് പ്രധാനമായും പങ്കെടുത്തത്.ലോക റെക്കോഡ് നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.