ദുബായ് : അൽ മനാമ സ്ട്രീറ്റിന്റെ നവീകരണം പൂർത്തിയായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 2022 മേയിൽ ആരംഭിച്ച ദുബായ്-അൽ ഐൻ റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് നവീകരണം. അൽ മെയ്ദാൻ, അൽ മനാമ സ്ട്രീറ്റുകളെ ബന്ധിപ്പിക്കുന്ന പുതിയ ട്രാഫിക് ഇടനാഴിയുടെ നിർമ്മാണം പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. ദുബായ് - അൽ ഐൻ റോഡിന് മുകളിലൂടെ കടന്നുപോകുന്ന നാലു വരി (ഓരോ ദിശയിലും) ഫ്ലൈഓവർ, റോഡുമായി ബന്ധിപ്പിക്കുന്നതിന് സ്ലിപ്പ് റോഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഏദൻ സ്ട്രീറ്റ്, സന സ്ട്രീറ്റ്, നാദ് അൽ ഹമർ സ്ട്രീറ്റ് എന്നിവയുമായുള്ള ആദ്യ മൂന്നു കവലകളെ സിഗ്നലൈസ്ഡ് ഉപരിതല ജംഗ്ഷനുകളാക്കി മാറ്റി അൽ മനാമ സ്ട്രീറ്റിലെ ശേഷി വർധിപ്പിച്ചു. നാദ് അൽ ഹമർ സ്ട്രീറ്റുമായുള്ള ജംഗ്ഷൻ വരെ ഓരോ ദിശയിലും ട്രാഫിക് പാതകളുടെ എണ്ണം നാലായി വർധിപ്പിക്കുന്നതും ഏദൻ സ്ട്രീറ്റിലെ ഒട്ടേറെ ട്രാഫിക് പാതകൾ മാറ്റുന്നതും ഇതിൽ ഉൾപ്പെടുന്നു. ഈ മെച്ചപ്പെടുത്തലുകൾ റോഡിന്റെ ശേഷി രണ്ട് ദിശകളിലേയ്ക്കും മണിക്കൂറിൽ 16,000 വാഹനങ്ങളാക്കി ഉയർത്തി, കാലതാമസം കുറയ്ക്കുകയും കവലകളിലെ ഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്തു.
അൽ മനാമ സ്ട്രീറ്റിൽ നിന്ന് നാദ് അൽ ഹമർ സ്ട്രീറ്റിലെ കവലയിലെ റൗണ്ട് എബൗട്ടിനെ സിഗ്നലൈസ്ഡ് ജംഗ്ഷനായി നവീകരിക്കുകയും എല്ലാ ദിശകളിലേക്കും ഇടത് തിരിവുകൾക്കായി കുറഞ്ഞത് രണ്ടു ലെയ്‌നുകളെങ്കിലും നിയോഗിക്കുകയും വലത് തിരിവുകൾക്കായി ഒരു ഫ്രീ ലെയ്‌നും നിർദ്ദേശിക്കുകയും ചെയ്യുന്നതാണ് പദ്ധതി. സുഗമമായ ഗതാഗതം ഉറപ്പാക്കാൻ മൂന്നു പാതകളുമെന്നും അറിയിച്ചു.