ദുബായ് : ദുബായിലെ തൃശൂർ പൂരം ഡിസംബർ നാലിന്. വിദേശികളടക്കം ആരാധിക്കുന്ന ത്രിശൂർ പൂരത്തെ പ്രവാസിമലയാളികൾക്ക് ഒഴിവാക്കുക അസാധ്യമാണ്. ഏഴുകടലിനിപ്പുറം തൃശൂർ പൂരം പുനഃസൃഷ്ടിച്ചുകൊണ്ട് ദുബായിയെ പൂരപ്പറമ്പാക്കുന്നത് പതിവാണ്.ഇത്തവണയും പതിവ് തെറ്റിക്കാതെ ദുബായ് നഗരത്തെ ആരവങ്ങളോടെ താളമേളങ്ങൾ നിറഞ്ഞ പൂരപ്പറമ്പാക്കി മാറ്റാൻ 'മ്മടെ പൂരം' എത്തുന്നു. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ്ങും 'മ്മഡെ തൃശൂർ യു.എ.ഇ'യും ഒരുക്കുന്ന പൂരം ഡിസംബർ നാലിന് ദുബൈ ഇത്തിസാലാത്ത് അക്കാദമിയിലാണ് അരങ്ങേറുക. മുൻ വർഷങ്ങളിൽ നടത്തിയ ദുബൈ തൃശൂർ പൂരത്തിന്റെയും നാട്ടിലെ തൃശൂർ പൂരത്തിന്റെയും ആവേശത്തോടെയും പൊലിമയോടെയുമാണ് ഇക്കുറിയും പൂരത്തിന്റെ വരവ്.
കൊടിയേറ്റം, ഇരുകോൽ പഞ്ചാരിമേളം, മഠത്തിൽവരവ്, പഞ്ചവാദ്യം, കാവടിയാട്ടം, നാദസ്വരം, ഇലഞ്ഞിത്തറ പാണ്ടിമേളം, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, ലൈവ് ബാൻഡ്, കൊടിയിറക്കം എന്നിവ പൂരപ്പറമ്പിൽ അരങ്ങേറും. മേളലയങ്ങളുടെ വാദ്യഘോഷപ്പെരുമയിൽ ആർത്തിരമ്പുന്ന ജനസാഗരത്തോടൊപ്പം നൂറിലധികം വാദ്യ കലാകാരന്മാരെ അണിനിരത്തി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പ്രവാസലോകത്ത് ആദ്യമായൊരുക്കുന്ന മട്ടന്നൂർ സ്പെഷൽ ഇരുകോൽ പഞ്ചാരിമേളം അരങ്ങ് തകർക്കും.പ്രവാസലോകത്ത് ആദ്യമായി പഞ്ചവാദ്യം അവതരിപ്പിക്കുവാനെത്തുന്ന പാറമേക്കാവിന്റെ പ്രമാണം വഹിക്കുന്ന പറക്കാട് തങ്കപ്പൻമാരാരുടെ മേജർ സെറ്റ് പഞ്ചവാദ്യവും ഈ തവണത്തെ പൂരത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
നൂറിലധികം കലാകാരൻമാരെ അണിനിരത്തി പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ അരങ്ങേറുന്ന ലോക പ്രശസ്തമായ ഇലഞ്ഞിത്തറ പാണ്ടിമേളം പൂരത്തിന് ഉത്സവഛായ പകരും. പിന്നണിഗായകരും സംസ്ഥാന പുരസ്കാര ജേതാക്കളുമായ സൂരജ് സന്തോഷും നിത്യാ മാമനും ഒരുമിക്കുന്ന ലൈവ് ബാൻഡ് മ്യൂസിക് നൈറ്റും പൂരനഗരിയിൽ കാണികളെ ത്രസിപ്പിക്കാനെത്തും. കേളി, കാളകളി, ഘോഷയാത്ര, റോബോട്ടിക് ആനകൾ, തൃശൂർ കോട്ടപ്പുറം ദേശം പുലിക്കളി, കരിയന്നൂർ സഹോദരങ്ങളുടെ നാദസ്വര മേളം, കാവടിയാട്ടം, കുടമാറ്റം എന്നിവയും പൂരനഗരിയിലെത്തുന്നവർക്ക് ആസ്വദിക്കാം.നിക്കായ്, ഇഗ്ലൂ, ഹോട്പാക്ക്, ഉമ്മുൽഖുവൈൻ ബാക്ക് വാട്ടേഴ്സ് റസ്റ്റാറന്റ് തുടങ്ങിയവരാണ് സ്പോൺസർമാർ. 'ഗൾഫ് മാധ്യമം', ഹിറ്റ് എഫ്.എം, ഡെയ്ലി ഹണ്ട്, സീ കേരളം എന്നിവയാണ് മീഡിയ പാർട്ണർമാർ. പ്ലാറ്റിനം ലിസ്റ്റിന്റെ വെബ്സൈറ്റിലൂെട (https://platinumlist.net) ടിക്കറ്റുകൾ ലഭിക്കും. സിംഗിൾ എൻട്രി ടിക്കറ്റിന് 60 ദിർഹമും നാല് പേരുടെ പാക്കേജിന് 210 ദിർഹമുമാണ് നിരക്ക്.