അല്ലു അർജുന്‍റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പയിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടൻ ജഗദീഷ് പ്രതാപ് ബണ്ഡാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ജഗദീഷിന്‍റെ കാമുകിയും ജൂനിയർ ആർട്ടിസ്റ്റുമായ പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാപ്രേരണയാണ് താരത്തിനെതിരേയുള്ള കുറ്റം.
യുവതിയുമായി താരം ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നെന്നും ബ്ലാക്ക് മെയിലിംഗും പീഡനവും മൂലമാണ് ആത്മഹത്യ ചെയ്തതെന്നും വീട്ടുകാർ ആരോപിച്ചിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, നവംബർ 29ന് യുവതി വസതിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതിയുടെ പിതാവാണ് സംഭവം പോലീസിനെ അറിയിക്കുന്നത്.
കേസിൽ ജഗദീഷ് കുടുങ്ങുമെന്നാണ് റിപ്പോർട്ട്. യുവതിയുടെ ഫോണിൽനിന്ന് നടനെതിരേ നിരവധി തെളിവുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു പുരുഷനോടൊപ്പമുള്ള യുവതിയുടെ ഫോട്ടോകളും വീഡിയോകളും ജഗദീഷ് പകർത്തിയതായി പോലീസ് പറഞ്ഞു. തുടർന്ന് ഇയാൾ അവളെ ബ്ലാക്ക് മെയിൽ ചെയ്യുകയും സ്വകാര്യ ഫോട്ടോകൾ ഓൺലൈനിൽ പങ്കിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.