വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യന്‍സിനെ തകർത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ; ആര്‍സിബി ഫൈനലിൽ
വനിതാ പ്രീമിയർ ലീഗിൽ എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു റണ്‍സിന് തകർത്തുകൊണ്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഫൈനല്‍ പ്രവേശനം. ആര്‍സിബി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം മറിക്കടക്കാൻ സാധിച്ചില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന മുംബൈക്ക് ആറു റണ്‍സ് മാത്രമേ സ്വന്തമാക്കാനായുള്ളൂ. അങ്ങനെ ആറു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്ത മുംബൈക്ക് ആര്‍സിബിയുടെ മുന്നിൽ കീഴടങ്ങേണ്ടി വന്നു. ആര്‍സിബിക്കായി അവസാന ഓവര്‍ എറിഞ്ഞ ആശ ശോഭനയുടെ ബൗളിങ്ങാണ് ടീമിനെ തുണച്ചത്.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ആറുവിക്കറ്റിനാണ് 135 റണ്‍സിലെത്തിയത്. തുടക്കത്തിലെ നാല് ഓവറില്‍ മൂന്നിന് 24 എന്നനിലയില്‍ തകര്‍ന്നിടത്തു നിന്ന് കരകയറിയാണ് മാന്യമായ സ്‌കോറില്‍ ബാംഗ്ലൂര്‍ എത്തിയത്. സോഫി ഡിവൈന്‍ (10), ക്യാപ്റ്റന്‍ സ്മൃതി മന്ദാന (10), ദിശ കസത്ത് (0) എന്നിവരാണ് മടങ്ങിയത്. വണ്‍ഡൗണായി എത്തിയ എലിസ് പെറി 50 പന്തില്‍ 66 റണ്‍സുമായി മിന്നേറിയത് നിർണായകമായിരുന്നു. അവസാന ഓവറിലെ രണ്ടാംപന്തിലാണ് പെറി മടങ്ങിയത്. അവസാന പന്തില്‍ സിക്‌സോടെ ജോര്‍ജിയ വേര്‍ഹാമാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായാണ് ആര്‍സിബിയുടെ കലാശ പോരാട്ടം.