2026 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ഇന്ത്യയുടെ വലയില്‍ രണ്ടാം പകുതിയിലാണ് അഫ്ഗാനിസ്ഥാന്‍ രണ്ടു ഗോള്‍ അടിച്ചത്.
കളി തീരാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കേ പെനാല്‍റ്റിയിലൂടെയാണ് അഫ്ഗാനിസ്ഥാന്‍ വിജയഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ അഫ്ഗാനിസ്ഥാന്റെ ഷാരിഫ് മുഹമ്മദ് ആണ് ലക്ഷ്യം കണ്ടത്. പെനാല്‍റ്റി ബോക്‌സില്‍ ഗുര്‍പ്രീത് അഫ്ഗാനിസ്ഥാന്‍ ഫോര്‍വേര്‍ഡിന്റെ മുന്നേറ്റം തടയാന്‍ ശ്രമിച്ചതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. 70-ാം മിനിറ്റില്‍ റഹ്മത്ത് അക്ബാരിയാണ് അഫ്ഗാനിസ്ഥാന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.
ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഛേത്രിയുടെ 150-ാം അന്താരാഷ്ട്ര മത്സരമാണിത് എന്ന പ്രത്യേകതയുമുണ്ട്.
36-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി, ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു. വലതുവശത്ത് നിന്ന് ഛേത്രിയെ ലക്ഷ്യമാക്കി മന്‍വീര്‍ സിങ് നല്‍കിയ ക്രോസ് അഫ്ഗാന്‍ താരം അമിരി കൈകൊണ്ട് തടുത്തു. ഇതോടെ റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ഛേത്രിയുടെ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയില്‍ച്ചെന്ന് തറച്ചു. അഫ്ഗാന്‍ ഗോള്‍ക്കീപ്പര്‍ അസീസി വലതുവശത്തേക്ക് തന്നെ ചാടിയെങ്കിലും ഛേത്രിയുടെ ശക്തമായ ഷോട്ട് പ്രതിരോധിക്കാനായില്ല. ഇതോടെ ആദ്യപകുതിയില്‍ ഇന്ത്യയ്ക്കായിരുന്നു മേധാവിത്വം.