ലോകകപ്പ് ക്രിക്കറ്റ് ; ഇന്ത്യ ന്യൂസിലൻഡ് മത്സരത്തിന് മുൻപ് പിച്ചിനെ ചൊല്ലി വിവാദം

Update: 2023-11-15 07:25 GMT

ലോകകപ്പിലെ ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ സെമി ഫൈനലില്‍ നടക്കാനിരിക്കെ പിച്ചിനെചൊല്ലി വിവാദം മുറുകുന്നു. മത്സരം ഇന്ത്യക്ക് അനുകൂലമാക്കാന്‍ പിച്ചില്‍ ബിസിസിഐ അവസാന നിമിഷം മാറ്റം വരുത്തിയെന്നാണ് ആരോപണം. പിച്ചിലുണ്ടായിരുന്ന പുല്ല് പൂര്‍ണമായും നീക്കം ചെയ്തതും മുമ്പ് കളിച്ച പിച്ചില്‍ തന്നെ ഇന്നത്തെ മത്സരം നടത്താന്‍ തീരുമാനിച്ചതും ഇതിന്‍റെ ഭാഗമാണെന്നാണ് ആരോപണം.വന്‍ സ്കോര്‍ പിറന്ന മുംബൈയിലെ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ലോ പിച്ചിലായിരിക്കും ഇന്നത്തെ മത്സരമെന്നതാണ് വിമര്‍ശനം.

മുംബൈയില്‍ ഇതുവരെ മത്സരത്തിന് ഉപയോഗിക്കാതിരുന്ന ഏഴാം നമ്പര്‍ പിച്ചിലായിരുന്നു ഇന്നത്തെ ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുമ്പ് രണ്ട് മത്സരങ്ങള്‍ക്ക് ഉപയോഗിച്ച ആറാം നമ്പര്‍ പിച്ചിലാണ് ഇന്ന് മത്സരം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 21ന് നടന്ന ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരത്തിനും നവംബര്‍ രണ്ടിന് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിനും ഉപയോഗിച്ചത് വാംഖഡെ സ്റ്റേഡിയത്തിലെ ആറാം നമ്പര്‍ പിച്ചാണ്.

എന്നാല്‍ ലോകകപ്പ് മത്സരങ്ങള്‍ ഏത് പിച്ചില്‍ കളിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ബിസിസിഐക്ക് പങ്കില്ലെന്നും ഐസിസിയാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ ഇതിന് മറുപടി നല്‍കുന്നത്. ഐസിസി പിച്ച് കണ്‍സള്‍ട്ടന്‍റായ ആന്‍ഡി അറ്റ്കിന്‍സണാണ് ഏത് പിച്ചാണ് മത്സരത്തിന് ഏറ്റവും അനുയോജ്യമെന്ന് തീരുമാനിക്കുന്നത്.

ഇന്ത്യക്ക് അനുകൂലമായി മത്സരഫലം വരാന്‍ ബിസിസിഐ പിച്ചിലും കൈ കടത്തിയെന്ന തരത്തില്‍ വിദേശ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. പിച്ചുകള്‍ സംബന്ധിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കാനാവാത്തതിലെ ആശങ്ക അറ്റ്കിന്‍സണ്‍ പങ്കുവെച്ചുവെന്ന് ഇംഗ്ലീഷ് പത്രമായ ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോക്കൗട്ട് മത്സരങ്ങള്‍ പുതിയ പിച്ചില്‍ നടത്തണമെന്ന് നിയമമില്ലെങ്കിലും അതാണ് പിന്തുടരുന്ന രീതിയെന്നും വിദേശ മാധ്യമങ്ങള്‍ പറയുന്നു. 

Tags:    

Similar News