വഹാബ് റിയാസ് പാകിസ്ഥാന്റെ പുതിയ ചീഫ് സെലക്ടർ

Update: 2023-11-18 08:24 GMT

മുൻ പേസർ വഹാബ് റിയാസിനെ പുതിയ ചീഫ് സെലക്ടറായി നിയമിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മുൻ സെലക്ടർ ഇൻസമാം-ഉൾ-ഹഖ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് പ്രഖ്യാപനം. ഒക്ടോബർ 30നാണ് ഇതിഹാസ ബാറ്ററും മുൻ ക്യാപ്റ്റനുമായ ഇൻസമാം ദേശീയ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പര്യടനത്തിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ടീമിനെ തെരഞ്ഞെടുക്കുക എന്നതാണ് 38 കാരനായ റിയാസിന്റെ ആദ്യ അസൈൻമെന്റ്. ഡിസംബർ 14 മുതലാണ് പാകിസ്ഥാൻ്റെ എവേ പരമ്പരകൾ ആരംഭിക്കുന്നത്. ഡിസംബർ 14 മുതൽ ജനുവരി 7 വരെ ഓസ്‌ട്രേലിയയിലാണ് പാകിസ്ഥാൻ ടെസ്റ്റ് പരമ്പര കളിക്കുക.

അഞ്ച് മത്സരങ്ങളടങ്ങിയതാണ് ന്യൂസിലൻഡിനെതിരായ ടി20 പരമ്പര. ജനുവരി 12 മുതൽ 21 വരെയാണ് മത്സരങ്ങൾ. റിയാസുമായി കൂടിയാലോചിച്ച് രണ്ട് ദിവസത്തിനുള്ളിൽ മറ്റ് ദേശീയ സെലക്ടർമാരെ പിസിബി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഞ്ചാബ് സർക്കാരിന്റെ കായിക ഉപദേഷ്ടാവ് കൂടിയായ റിയാസ് 2020 മുതൽ പാകിസ്ഥാന് വേണ്ടി കളിച്ചിട്ടില്ലെങ്കിലും പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇപ്പോഴും സജീവമാണ്. നേരത്തെ നിരവധി പാക് താരങ്ങളുടെ പരസ്യകരാറുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്റ് തല്‍ഹ റഹ്മാനിയുടെ യാസോ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍ ഇന്‍സമാമിനും ഓഹരി പങ്കാളിത്തമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇൻസമാമിനെതിരേ പിസിബി അന്വേഷണം ആരംഭിച്ചത്. പിന്നീട് അദ്ദേഹം രാജിവച്ചു.

Tags:    

Similar News