ഗുസ്തിയിലേക്കു മടങ്ങാൻ കഴിയും: തിരിച്ചുവരുമെന്ന സൂചനകൾ നൽകി വിനേഷ് ഫോഗട്ട്

Update: 2024-08-18 10:12 GMT

ഗുസ്തിയിലേക്കു തിരിച്ചുവരുമെന്ന സൂചനകൾ നൽകി ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്. ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലെത്തി ആളുകളോടു സംസാരിക്കവേയാണ് ഗുസ്തിയിലേക്കു മടങ്ങാൻ സാധിക്കുമെന്നു വിനേഷ് പ്രതികരിച്ചത്. ശനിയാഴ്ച്ച ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ വിനേഷിന് വൻ സ്വീകരണമാണു നാടും മറ്റു താരങ്ങളും ഒരുക്കിയത്. പിന്നാലെ ഹരിയാനയിലേക്കു പോയ വിനേഷ് ഇന്നലെ മാത്രം ഇരുപതോളം സ്വീകരണ പരിപാടികളിൽ പങ്കെടു. സ്വന്തം നാടായ ചാർഖി ദാദ്രിയിൽ രാത്രിയേറെ വൈകിയിട്ടും നൂറു കണക്കിന് ആളുകൾ വിനേഷിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

‘‘ഒളിംപിക്സ് മെ‍ഡൽ നഷ്ടമായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവാണ്. അത് മാറാൻ എത്ര സമയം വേണ്ടിവരുമെന്ന് എനിക്ക് അറിയില്ല. പക്ഷേ എന്റെ സഹതാരങ്ങൾ, നാട്ടുകാർ, കുടുംബാംഗങ്ങൾ എന്നിവരിൽനിന്നു ലഭിച്ച സ്നേഹം ഈ മുറിവ് ഉണക്കാൻ എനിക്കു ധൈര്യം നൽകും. ഒരുപക്ഷേ എനിക്കു ഗുസ്തിയിലേക്കു മടങ്ങാൻ സാധിക്കും. ഞാൻ വീണ്ടും ഗുസ്തിയിലേക്കു തിരിയുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല. ഇതു തുടരുക തന്നെ ചെയ്യും. സ്ത്രീകളുടെയും ഈ ഗ്രാമത്തിന്റേയും അഭിമാനത്തിനായി ഞാൻ എപ്പോഴും പോരാടും. ഇവിടെ നിന്നുള്ള ആരെങ്കിലും എന്റെ പാരമ്പര്യം പിന്തുടരുകയും, എന്റെ പേരിലുള്ള റെക്കോർഡുകൾ തകർക്കുകയും വേണം. ഇവിടത്തെ വനിതാ ഗുസ്തി താരങ്ങളെ കഴിയുംവിധം പ്രോത്സാഹിപ്പിക്കാൻ സാധിച്ചാൽ അത് എന്റെ വലിയ നേട്ടമായിരിക്കും’’, സ്വീകരിക്കാനെത്തിയ ആളുകളോട് വിനേഷ് ഫോഗട്ട് പ്രതികരിച്ചു.

പാരിസ് ഒളിംപിക്സില്‍ 50 കിലോഗ്രാം വനിതാ ഗുസ്തിയിൽ മത്സരിച്ച വിനേഷ് ഫോഗട്ട് ഫൈനൽ മത്സരത്തിനു തൊട്ടുമുൻപ് നടന്ന ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു. ശരീര ഭാരം 100 ഗ്രാം അധികമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിനെതിരെ നടപടിയെടുത്തത്. തുടർന്ന് ​ഗുസ്തിയിൽ നിന്ന് വിരമിക്കുന്നതായി താരം സമൂഹമാധ്യമത്തിൽ പ്രഖ്യാപിക്കുകയായിരുന്നു.vi

Tags:    

Similar News