അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് ലൂയിസ് സുവാരസ് പടിയിറങ്ങുന്നു; അവസാനം 17 വർഷം നീണ്ട കരിയറിന്
അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യുറഗ്വായ് സൂപ്പർ താരം ലൂയിസ് സുവാരസ്. സെപ്റ്റംബർ ആറിന് പാരഗ്വായ്‌ക്കെതിരേ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരമായിരിക്കും യുറഗ്വായ് ജേഴ്‌സിയിലെ തന്റെ അവസാന മത്സരമെന്നാണ് താരം അറിയിച്ചത്. യുറഗ്വായ്ക്കായി 142 മത്സരങ്ങളിൽ നിന്ന് 69 ഗോളുകൾ നേടിയ താരം അന്താരാഷ്ട്ര ഫുട്‌ബോളിൽ യുറഗ്വായുടെ ടോപ് സ്‌കോററാണ്.
2011-ൽ യുറഗ്വായ് കോപ്പ അമേരിക്ക കിരീടം നേടിയതും സുവാരസിന്റെ തകർപ്പൻ പ്രകടനത്തിലാണ്. അന്ന് ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സുവാരസായിരുന്നു. 2007-ൽ കളത്തിലിറങ്ങിയ സുവാരസ് 17 വർഷം നീണ്ടുനിന്ന കരിയറിനാണ് വിരാമമിടുന്നത്. കരിയറിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ലിവർപൂളിനായും സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്കായും പന്തു തട്ടിയ സുവാരസ് നിലവിൽ മേജർ സോക്കർ ലീഗ് ക്ലബ്ബ് ഇന്റർ മയാമിയുടെ താരമാണ്.