പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ; താരങ്ങൾ മുംബൈയിലേക്ക് തിരിച്ചു

Update: 2024-07-04 10:52 GMT

ട്വന്റി-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം മുംബൈയിലേക്ക് തിരിച്ചു. ഡൽഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സമയം ചെലവഴിച്ചതിന് ശേഷമാണ് ടീം മുംബൈയിലേക്ക് തിരിച്ചത്. പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ താരങ്ങള്‍ക്ക് വിരുന്ന് നല്‍കി. ഇനി മുംബൈയില്‍ വിക്ടറി പരേഡ് നടക്കും. രാവിലെ ആറുമണിക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് താരങ്ങളും കുടുംബാംഗങ്ങളും ഒഫീഷ്യല്‍സും ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

ടീമംഗങ്ങളെ കാണാന്‍ അര്‍ദ്ധരാത്രിമുതല്‍ ആരാധകര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ലോകകപ്പുമായി രോഹിത് ശര്‍മ്മയും സഞ്ജു സാംസണടക്കമുള്ള താരങ്ങളും പുറത്തിറങ്ങിയപ്പോള്‍ ആവേശം അണപൊട്ടി. 9 മണിയോടെ നഗരത്തിലെ സ്വകാര്യ ഹോട്ടലിലെത്തി വിശ്രമം, ഹോട്ടലിലും കേക്ക് മുറിച്ച് ആഘോഷം. കാത്ത് കാത്തിരുന്ന കപ്പിൽ താരങ്ങള്‍ മുത്തമിടുന്ന ദൃശ്യങ്ങള്‍ ബിസിസിഐയും പങ്കുവച്ചു. പത്തരയോടെ ഹോട്ടലില് നിന്നും പ്രധാനമന്ത്രിയുടെ വസതിയിലേക്ക്.

ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് താരങ്ങള്‍ക്ക് വിരുന്നൊരുക്കിയത്. മോദി ടീമംഗങ്ങളെ അഭിനന്ദിച്ചു. ടീം വൈകാതെ മുംബൈക്ക് തിരിച്ചു. അഞ്ച് മണിക്ക് നരിമാൻ പോയിന്റ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെ നടക്കുന്ന വിക്ടറി പരേഡില്‍ പങ്കെടുക്കും. മുംബൈയിലും താരങ്ങളെ കാത്തിരിക്കുന്നത് വലിയ ആഘോഷ പരിപാടികള്‍.

ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ പുലര്‍ച്ചെ മുതല്‍ ആരാധകര്‍ ഡൽഹി വിമാനത്താവളത്തിന് പുറത്തെത്തിയിരുന്നു. ലോകകപ്പ് ഫൈനല്‍ നടന്ന ബാര്‍ബഡോസില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കുടുങ്ങിയ ഇന്ത്യന്‍ ടീം ദിവസങ്ങള്‍ വൈകിയാണ് കിരീടവുമായി ജന്‍മനാട്ടിലേക്ക് മടങ്ങിയെത്തിയത്.

Tags:    

Similar News