ഐതിഹാസിക കരിയറിന് തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി

Update: 2024-05-16 07:25 GMT

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി. ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഇന്ത്യന്‍ ജേഴ്‌സി അഴിക്കുമെന്ന് ഛേത്രി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രത്യേക വീഡിയോയിലൂടെയാണ് 39കാരനായ ഛേത്രി അനിവാര്യമായ തീരുമാനം പുറത്തുവിട്ടത്. 2005ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് ഛേത്രി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ജേഴ്‌സിയിലുണ്ടായിരുന്നു.

2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഛേത്രി നേടിയെടുത്തു. അന്താരാഷ്ട്ര വേദിയില്‍, 2008ലെ എഎഫ്‌സി ചലഞ്ച് കപ്പ്, 2011, 2015 വര്‍ഷങ്ങളിലെ സാഫ് ചാമ്പ്യന്‍ഷിപ്പ്, നെഹ്റു കപ്പ് (2007, 2009, 2012), 2017, 2018ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമുകളുടെ ഭാഗമാണ് ഛേത്രി. വിരമിക്കല്‍ തീരുമാനമെടുത്തുകൊണ്ട് ഛേത്രി പങ്കുവച്ച വീഡിയോ കാണാം.

Full View

ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ താരമാണ് ഛേത്രി. നിലവില്‍ സജീവമായ ഫുട്‌ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ മൂന്നാമത്തെ താരവും ഛേത്രി തന്നെ. 150 മത്സരങ്ങളില്‍ 94 ഗോളുകളാണ് ഛേത്രി നേടിയത്. അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി (180 മത്സരങ്ങളില്‍ 106), പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (205 മത്സരങ്ങളില്‍ 128) എന്നിവർക്ക് പിന്നിലാണ് ഛേത്രി.

ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ നാല് പോയിന്റുമായി ഇന്ത്യ നിലവില്‍ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. 3 പോയിന്റുമായി കുവൈറ്റ് നാലാമതാണ്.

Tags:    

Similar News