ചരിത്രത്തിലാദ്യമായി യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ഫൈനലിൽ സ്പാനിഷ് ക്ലബ്ബായ സെവിയ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തറപറ്റിച്ചാണ് സിറ്റി കന്നിക്കിരീടം നേടിയത്. കളിയുടെ മുഴുവൻ സമയത്തും ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. സിറ്റിക്കായി കോൾ പാമറും സെവിയ്യക്കായി യൂസുഫ് എൻ നെസീരിയും ഗോൾ നേടി. ഷൂട്ടൗട്ടിൽ 5-4 എന്ന നിലയിലായിരുന്നു സിറ്റിയുടെ ജയം.
സിറ്റിയെ ഞെട്ടിച്ച് സെവിയ്യയാണ് ആദ്യം സ്കോർ ചെയ്തത്. അല്യൂണയുടെ ക്രോസിൽ നിന്ന് സിറ്റി ഡിഫൻഡർമാർക്ക് മുകളിൽ ചാടി നെസീരിയുടെ ഒരു എണ്ണം പറഞ്ഞ ഹെഡർ എഡേഴ്സണെ കാഴ്ചക്കാരനാക്കി വലചലിപ്പിച്ചു. കളിയുടെ 62ആം മിനിട്ട് വരെ ഈ ലീഡ് നിലനിർത്താൻ സെവിയ്യക്ക് സാധിച്ചു. 63ആം മിനിട്ടിൽ റോഡ്രിയുടെ അസിസ്റ്റിൽ നിന്ന് ഒരു ഹെഡറിലൂടെ യുവതാരം പാമർ സിറ്റിക്ക് സമനില സമ്മാനിച്ചു. വിജയഗോൾ നേടാൻ ഒരു ടീമുകൾക്കും സാധിക്കാതെ വന്നതോടെയാണ് കളി ഷൂട്ടൗട്ടിലെത്തിയത്.
സിറ്റിക്കായി എർലിൻ ഹാലൻഡ്, ഹൂലിയൻ അൽവാരസ്, മത്തെയോ കൊവാസിച്, ജാക്ക് ഗ്രീലിഷ്, കെയിൽ വാക്കർ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ലൂക്കാസ് ഒക്കമ്പോസ്, റാഫ മിർ, ഇവാൻ റാക്കിറ്റിച്, ഗോൺസാലോ മോണ്ടിയൽ എന്നിവർ സെവിയ്യക്കായി സ്കോർ ചെയ്തു. അവസാന കിക്കെടുത്ത നെമാഞ്ജ ഗുദെൽജിന്റെ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു