ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ താരങ്ങൾ; ടീം മാനേജ്മെന്‍റിനെ സമീപിച്ചുവെന്ന് റിപ്പോര്‍ട്ട്
ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വാർത്തയാണ് പുറത്തവരുന്നത്. ടീം അംഗങ്ങളോടുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മോശ സമീപനത്തിനെതിരെ സീനിയര്‍ താരങ്ങള്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ടീം മാനേജ്മെന്‍റിനോട് പരാതിപ്പെട്ടിരിക്കുകയായണെന്നാണ് ടീമിനോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തത്. പരാതിപ്പെട്ടവരിൽ രോഹിത്തിന് പുറമെ ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ് എന്നീ സീനിയർ താരങ്ങളുമുണ്ടെന്നാണ് റിപ്പോർട്ട്. ടീമിനെ എങ്ങനെയാണ് മുന്നോട്ട് നയിക്കേണ്ടതെന്നും ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള പരാതികളും ഇവര്‍ മാനേജ്മെന്‍റിനെ അറിയിച്ചു.
ശേഷം ടീം മാനേജ്മെന്‍റ് പ്രതിനിധികള്‍ സീനിയർ താരങ്ങളെ ഓരോരുത്തരേയും വ്യക്തിപരമായി കാണുകയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടുകയും ചെയ്തു എന്നും റിപ്പോർട്ടിൽ പറയ്യുന്നു.ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്കുശേഷം ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ യുവതാരം തിലക് വര്‍മയെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. തിലക് വര്‍മയുടെ പേരെടുത്ത് പറയാതെയാണ് ഹാര്‍ദ്ദിക് കുറ്റപ്പെടുത്തിയത്. അക്സര്‍ പട്ടേൽ പന്തെറിയുമ്പോള്‍ ക്രീസിലുണ്ടായിരുന്ന ഇടം കൈയന്‍ ബാറ്റർ ആക്രമിച്ചു കളിക്കേണ്ടതായിരുന്നുവെന്നു, അതാണ് മത്സരത്തിലെ തോല്‍വിക്ക് കാരണമെന്നും ഹാര്‍ദ്ദിക് പറഞ്ഞിരുന്നു. ഈ സംഭവവും താരങ്ങളെ ചൊടിപ്പിച്ചിരുന്നു, അതുകൊണ്ടുതന്നെ ഈ വിഷയവും അവർ ടീം മാനേജ്മെന്‍റിന് മുന്നിൽ വച്ചു എന്നാണ് വിവരം.