സർഫറാസ് ഖാനും ധ്രുവ് ജുറൈലിനും നേട്ടം; ബിസിസിഐയുടെ വാർഷിക കരാറിൽ ഇടംപിടിച്ച് താരങ്ങൾ

Update: 2024-03-19 07:24 GMT

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ രണ്ട് യുവതാരങ്ങള്‍ക്ക് കൂടി ബിസിസിഐ വാര്‍ഷിക കരാര്‍ ലഭിച്ചു. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍, മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്കാണ് ബിസിസിഐയുടെ വാര്‍ഷിക കരാര്‍ ലഭിച്ചത്. ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള സി ഗ്രേഡ് കരാറിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കായി കുറഞ്ഞത് മൂന്ന് ടെസ്റ്റുകളോ എട്ട് ഏകദിനങ്ങളോ പത്ത് ട്വനറി-20 മത്സരങ്ങളോ കളിച്ച താരങ്ങള്‍ സ്വാഭാവികമായും സി ഗ്രേഡ് കരാറിന് അര്‍ഹരാകും. മൂന്ന് ടെസ്റ്റുകള്‍ കളിച്ചതോടെയാണ് സര്‍ഫറാസിനും ജുറെലിനും വാര്‍ഷിക കരാര്‍ ലഭിച്ചത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് ജുറെലും സര്‍ഫറാസും അരങ്ങേറിയത്. അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് അര്‍ധസെഞ്ചുറികളുമായി സര്‍ഫറാസ് തിളങ്ങിയപ്പോള്‍ 45 റണ്‍സെടുത്ത് ജുറെലും മികവ് കാട്ടി. തന്‍റെ രണ്ടാം ടെസ്റ്റില്‍ 90 റണ്‍സടിച്ച് ഇന്ത്യന്‍ സ്കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കിയത് ജുറെലായിരുന്നു. രണ്ട് പേരെ കൂടി ഉള്‍പ്പെടുത്തിയതോടെ സി ഗ്രേഡ് കരാറുള്ള താരങ്ങളുടെ എണ്ണം 17 ആയി.

അതേസമയം, രഞ്ജി ട്രോഫിയില്‍ കളിക്കാത്തതിന്‍റെ പേരില്‍ വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കിയ ഇഷാന്‍ കിഷന്‍റെയും ശ്രേയസ് അയ്യരുടെ കാര്യത്തില്‍ ബിസിസിഐ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. ശ്രേയസ് രഞ്ജി സെമിയിലും ഫൈനലിലും മുംബൈക്കായി കളിച്ചിരുന്നു. ഫൈനലില്‍ 95 റണ്‍സെടുത്ത് തിളങ്ങുകയും ചെയ്തു. ഇരുവരുടെയും വാര്‍ഷിക കരാറുകള്‍ പുനസ്ഥാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍ ശ്രേയസിന്‍റെ കരാര്‍ പുനസ്ഥാപിച്ചാല്‍ രഞ്ജിയില്‍ ഒരു മത്സരം പോലും കളിക്കാന്‍ തയാറാവാതെ സെലക്ടര്‍മാരുടെ അപ്രീതിക്ക് കാരണമായ ഇഷാനും കരാര്‍ നല്‍കേണ്ടിവരുമെന്നതിനാല്‍ ഐപിഎല്‍ കഴിയുന്നതുവരെ കാത്തിരിക്കാനാണ് ബിസിസിഐ തീരുമാമെന്നാണ് റിപ്പോര്‍ട്ട്.

ഗ്രേഡ് എ പ്ലസ്-(7 കോടി വാര്‍ഷിക പ്രതിഫലം)

രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ

ഗ്രേഡ് എ -(5 കോടി വാര്‍ഷിക പ്രതിഫലം)

ആർ അശ്വിൻ, മുഹമ്മദ്. ഷമി, മുഹമ്മദ്. സിറാജ്, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ.

ഗ്രേഡ് ബി-(3 കോടി വാര്‍ഷിക പ്രതിഫലം)

സൂര്യ കുമാർ യാദവ്, റിഷഭ് പന്ത്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, യശസ്വി ജയ്‌സ്വാൾ.

ഗ്രേഡ് സി-(1 കോടി വാര്‍ഷിക പ്രതിഫലം)

റിങ്കു സിംഗ്, തിലക് വർമ്മ, റുതുരാജ് ഗെയ്‌ക്‌വാദ്, ശാർദുൽ താക്കൂർ, ശിവം ദുബെ, രവി ബിഷ്‌ണോയ്, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, കെഎസ് ഭരത്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ, രജത് പാടീദാര്‍, ധ്രുവ് ജുറെല്‍, സര്‍ഫറാസ് ഖാന്‍.

Tags:    

Similar News