ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും നേർക്കുനേർ

Update: 2024-03-29 06:41 GMT

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. വൈകിട്ട് 7.30ന് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിത്തിലാണ് മത്സരം. ഹൈദരബാദിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായാണ് കൊല്‍ക്കത്ത സീസണ്‍ തുടങ്ങിയത്. ഇന്ന് ആര്‍സിബിക്കെതിരെ ജയിക്കാനായാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം പൊയിന്റ് ടേബിളില്‍ മുന്നിലെത്താം. രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്തുണ്ട്.

കൊല്‍ക്കത്ത - ബംഗളൂരു മത്സരത്തില്‍ ആരാധകരേയും കാത്തിരിക്കുന്നത് രണ്ട് പേര്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായാണ്. ക്രിക്കറ്റ് മൈതാനത്ത് ചിരവൈരികളായ വിരാട് കോലിയുടെയും ഗൗതം ഗംഭീറിന്റെയും ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്ന് കണ്ടറിയണം. ഇന്ത്യന്‍ ടീമില്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍. എന്നാല്‍ ഐപിഎല്‍ സീസണുകളില്‍ പലതവണ മൈതാനത്ത് ഇരുവരും കൊമ്പുകാര്‍ത്തു. 2023 സീസണിലും ഇതിന് മാറ്റമൊന്നുമുണ്ടായില്ല.

ലഖ്‌നൗ സൂപ്പര്‍ ജയന്‍സ് ആര്‍സിബി മത്സരത്തിനിടെയുള്ള ഈ രംഗം ആരാധകര്‍ മറന്നു കാണില്ല. ലഖ്‌നൗ കോച്ചായിരുന്ന ഗംഭീറും വിരാട് കോലിയും നേര്‍ക്കുനേര്‍ വന്നു. വാക്കേറ്റമായതോടെ സഹതാരങ്ങള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. അന്ന് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ട ലഖ്നൗ താരം നവീന്‍ ഉള്‍ ഹഖിനെ കോലി ആരാധകര്‍ വെറുതെ വിട്ടതുമില്ല. ഈ സീസണില്‍ ഗൗതം ഗംഭീര്‍ ലഖ്‌നൗ വിട്ട് കൊല്‍ക്കത്തയുടെ മെന്ററാണ്. ഗംഭീറിന്റെ തിരിച്ചുവരവില്‍ കിരീട പ്രതീക്ഷയുമായാണ് കൊല്‍ക്കത്ത കളിക്കുന്നത്.

ഇന്ന് കോലിയുടെ ആര്‍സിബിയുമായി ഏറ്റുമുട്ടുമ്പോള്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തീപാറുമെന്ന് ആരാധകര്‍. മത്സരത്തിന് മുന്‍പ് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ കോലി ഗംഭീര്‍ പോസ്റ്റുകള്‍ നിറഞ്ഞു. എന്നാല്‍ ഗ്രൗണ്ടിന് പുറത്ത് തങ്ങള്‍ നല്ല സുഹൃത്തുകളാണെന്ന് ഈയിടെ വിരാട് കോലിയും ഗൗതം ഗംഭീറും വ്യക്തമാക്കിയതാണ്.

Tags:    

Similar News