വനിതാ പ്രീമിയർ ലീഗിൽ കന്നി കിരീടം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്; ആതിഥേയരായ ഡൽഹിയെ 8 വിക്കറ്റിന് തകർത്തു
വനിതാ പ്രീമിയർ ലീഗിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കന്നി കിരീടം. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന കളിയിൽ എതിരാളികളായ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ടു വിക്കറ്റിനാണ് ബാംഗ്ലൂര്‍ വീഴ്ത്തിയത്. ഇതോടെ ഇതുവരെ ആർസിബിയുടെ പുരുഷ ടീമിന് നേടാനാകാത്ത കിരീടമാണ് രണ്ടാം സീസണിൽ തന്നെ വനിതാ ടീം സ്വന്തമാക്കിയത് എന്നത് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയ്ക്കും ടീമിനും അഭിമാനിക്കാവുന്ന കാര്യമാണ്.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്ത് വിജയലക്ഷ്യം കൈവരിച്ചു. ക്യാപ്റ്റൻ സ്മൃത മന്ഥാന (39 പന്തിൽ 31), സോഫി ഡിവൈൻ (27 പന്തിൽ 32), എലിസ് പെറി ( 37 പന്തിൽ 35) എന്നിവരുടെ ബാറ്റിങ് മികവിലാണ് ബാംഗ്ലൂർ കപ്പിൽ മുത്തമിട്ടത്. ബാംഗ്ലൂരിന്റെ സോഫി മോളീനക്സ് വീഴ്ത്തിയ മൂന്നു വിക്കറ്റുകളും ശ്രേയങ്ക പാട്ടീലിന്റെ നാലു വിക്കറ്റുകളും മത്സരത്തിൽ നിർണായകമായി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് നിലനിർത്താൻ പിന്നാലെ എത്തിയവർക്ക് സാധിച്ചില്ല. മലയാളി താരം മിന്നുമണി ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും ഡല്‍ഹിക്കായി തന്റെ ആദ്യ ഓവറിൽ തന്നെ ആര്‍സിബി ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ വിക്കറ്റ് വീഴ്ത്തി. 27 പന്തിൽ 44 റൺസെടുത്ത ഷെഫാലിയാണ് ഡൽഹിയുടെ ടോപ് സ്കോറർ. ഡല്‍ഹിക്ക് ഇത് രണ്ടാം ഫൈനലാണ്. ആദ്യ സീസണില്‍ മുംബൈയാണ് കിരീടം നേടിയത്.