വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല, ലോകകപ്പാണ് മുന്നിൽ; രോഹിത് ശർമ

Update: 2024-04-12 12:32 GMT


വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ലോകകപ്പാണ് മുന്നില്‍ കാണുന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് നടക്കാനിരിക്കെയാണ് രോഹിതിന്റെ ശ്രദ്ധേയ പ്രതികരണം. 2025ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുക എന്ന ലക്ഷ്യവും നായകന്‍ പങ്കിട്ടു. 'വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ ശരിക്കും ആലോചിച്ചിട്ടില്ല. ജീവിതം നമ്മെ എങ്ങോട്ടാണ് നയിക്കുന്നത് എന്നു പറയാന്‍ സാധിക്കുന്നതല്ലല്ലോ. ഇപ്പോഴും എനിക്ക് നന്നായി കളിക്കാന്‍ സാധിക്കുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ കൂടി ക്രിക്കറ്റ് തുടരുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് എന്താകും എന്നു എനിക്കറിയില്ല. എനിക്ക് ലോകകപ്പ് ജയിക്കണമെന്നു ആഗ്രഹമുണ്ട്. 2025ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവും ഇന്ത്യ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.'


'എന്‍റെ തലമുറയെ സംബന്ധിച്ച് 50 ഓവര്‍ ലോകകപ്പാണ് യഥാര്‍ഥ ലോകകപ്പ്. ആ ലോകകപ്പ് കണ്ടാണ് ഞാനൊക്കെ വളര്‍ന്നത്. ഇത്തവണ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ തന്നെ ഫൈനല്‍ കളിച്ചു. അതുവരെ നന്നായി കളിക്കാനും നമുക്ക് സാധിച്ചു. ഫൈനലില്‍ ഇറങ്ങുമ്പോഴും ടീമിനു ആത്മവിശ്വാസമുണ്ടായിരുന്നു. നമുക്കെല്ലാം ഒരു മോശം ദിവസമുണ്ടാകും. അന്ന് ടീമിനെ സംബന്ധിച്ചു മോശം ദിനമായിരുന്നു. ഫൈനലില്‍ ടീം മോശം കളി കളിച്ചുവെന്നു കരുതരുത്. ചില കാര്യങ്ങള്‍ നമ്മുടെ വഴിക്ക് വന്നില്ല. ഓസ്‌ട്രേലിയ മികച്ച രീതിയില്‍ കളിക്കുകയും ചെയ്തു'-ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയോടേറ്റ തോല്‍വി സംബന്ധിച്ച് രോഹിത് പറഞ്ഞു. 


നിലവില്‍ ഐപിഎല്‍ കളിക്കുകയാണ് രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സില്‍ ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് താരം കളിക്കുന്നത്. ഈ സീസണിലെ ദീര്‍ഘ നാള്‍ മുംബൈ ടീമിനെ നയിച്ച, അവര്‍ക്ക് അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ച മുംബൈ രോഹിതിനെ മാറ്റി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നു മുന്‍ താരം കൂടിയായണ് ഹര്‍ദികിനെ തിരിച്ചെത്തിച്ച് നായകനാക്കിയത്. ഈ സീസണോടെ രോഹിത് മുംബൈ ഇന്ത്യന്‍സ് വിടുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News