റിക്കി പോണ്ടിംഗിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല ; വാർത്തകൾ നിഷേധിച്ച് ബിസിസിഐ

Update: 2024-05-24 10:44 GMT

ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് മുൻ ഓസീസ് താരങ്ങളായ റിക്കി പോണ്ടിങിനേയും ജസ്റ്റിൻ ലാംഗറിനേയും സമീപിച്ചതായുള്ള വാർത്തകൾ തള്ളി ബി.സി.സി.ഐ. ഇരു താരങ്ങളും കോച്ചിങ് റോളിലേക്കില്ലെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ രംഗത്തെത്തിയത്.

'ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ച് അറിവുള്ളവരെ മാത്രമേ പരിശീലക സ്ഥാനത്തേക്ക് നിയമിക്കൂ. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തെറ്റാണ്. നിരവധി കടമ്പകിളൂടെ കടന്നുപോയതിന് ശേഷമാകും ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുക. ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് അറിവുള്ളവരെയായിരിക്കണം'- ജയ്ഷാ പറഞ്ഞു.

വരുന്ന ട്വന്റി-20 ലോകകപ്പോടെ നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയും. തുടർന്ന് പുതിയ പരിശീലകനെ തേടി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചിരുന്നു. ഓസീസ് താരങ്ങൾക്ക് പുറമെ മുൻ സിംബാബ്‌വെ താരം ആൻഡി ഫ്‌ളവർ, ചെന്നൈ സൂപ്പർ കിങ്‌സ് ന്യൂസിലാൻഡ് താരം സ്റ്റീഫൻ ഫ്‌ളെമിങ് എന്നിവരുടെ പേരും ഉയർന്നുകേട്ടിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇരുവരും തയാറായില്ല. മെയ് 27വരെയാണ് അപേക്ഷ നൽകാൻ ബി.സി.സി.ഐ നൽകിയ സമയം.

Tags:    

Similar News