കിലിയൻ എംബാപ്പെയുമായി കരാറിലെത്തി റയൽ മഡ്രിഡ് ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Update: 2024-06-02 12:42 GMT

15ആം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ എതിരാളികൾക്ക് നെഞ്ചിടിപ്പ് കൂട്ടി റയൽ മാഡ്രിഡ്. ഫ്രഞ്ച് ക്യാപ്റ്റനും സൂപ്പർ താരവുമായ കിലിയൻ എംബാപെയുമായി ക്ലബ് കരാറിലെത്തി. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി വരാനുള്ളത്. ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകുമെന്ന് പ്രമുഖ സ്‌പോർട്‌സ് മാധ്യമ പ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മാസം തന്നെ പി.എസ്.ജി വിടുന്നതായി എംബാപെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് റയലിലേക്ക് 25 കാരൻ ചേക്കേറുമെന്നുള്ള വാർത്തകളും പ്രചരിച്ചു. എന്നാൽ റയലോ എംബാപെയോ ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിരുന്നില്ല. എന്നാൽ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിന് പിന്നാലെ സ്പാനിഷ് ക്ലബ് താരവുമായുള്ള കരാറിലേക്കുള്ള നടപടികൾ വേഗത്തിലാക്കുകയായിരുന്നു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി അടുത്ത ആഴ്ചയോടെ താരത്തെ ആരാധകരുടെ മുന്നിൽ അവതരിപ്പിക്കും. യൂറോ കപ്പിന് മുൻപായി എംബാപെയുടെ സൈനിങ് പൂർത്തിയാക്കാൻ റയൽ മാഡ്രിഡ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. റയലിലെ ഏറ്റവും ഉയർന്ന തുകക്കായിരിക്കും ടീമിലെത്തുക. 2029 വരെ കരാർ നിലനിൽക്കുമെന്നാണ് വിവരം. യൂറോ കപ്പിനും ഒളിംപിക്‌സിനും ശേഷമാകും എംബാപെ ക്ലബിനൊപ്പം ചേരുക. ഒളിംപിക്‌സിനുള്ള ഫ്രാൻസ് ടീമിലും എംബാപെ കളിക്കുന്നുണ്ട്. ബൊറൂസിയ ഡോർട്ടമുണ്ടിനെ തോൽപിച്ച് റയൽ 15ആം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടിരുന്നു. ഫ്രഞ്ച് താരത്തിന്റെ വരവോടെ ക്ലബിന്റെ മുന്നേറ്റനിര കൂടുതൽ ശക്തമാകും.

Tags:    

Similar News