ഏകദിന ലോകകപ്പ് ; ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം, തുടക്കത്തിൽ തകർന്ന ഇന്ത്യയെ കരകയറ്റിയത് കോലിയും രാഹുലും ചേർന്ന്

Update: 2023-10-08 16:45 GMT

മുന്‍നിര തകര്‍ന്നിട്ടും ഏകദിന ലോകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് 49.3 ഓവറില്‍ 199ന് എല്ലാവരും പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, രണ്ട് വിക്കറ്റ് വീതം നേടിയ കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കെ എല്‍ രാഹുല്‍ (115 പന്തില്‍ പുറത്താവാതെ 97), വിരാട് കോലി (85) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

പരിതാപകരമായിരുന്നു ഇന്ത്യയുടെ തുടക്കം. ഓസ്ട്രേലിയ മുന്നോട്ട് വെച്ച 199 റൺസ് പിൻതുടർന്ന ഇന്ത്യ പരാജയപ്പെടുമെന്ന് തന്നെ കരുതി. ആദ്യ രണ്ട് ഓവറിനിടെ ഇന്ത്യക്ക് നഷ്ടമായത് മൂന്ന് വിക്കറ്റുകള്‍. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പവലിയനില്‍ കയറി. അപ്പോല്‍ സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍ മാത്രം. ജോഷ് ഹേസല്‍വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തി. കിഷനെ ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് ഗോള്‍ഡന്‍ ഡക്കാക്കി. ആറ് പന്തുകള്‍ നേരിട്ട രോഹിത് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അതേ ഓവറില്‍ ശ്രേയസിനെ ഡേവിഡ് വാര്‍ണറുടെ കൈകളിലെത്തിക്കാനും ഹേസല്‍വുഡിനായി.

ഇതിനിടെ കോലി 12 റണ്‍സില്‍ നില്‍ക്കെ നല്‍കിയ സുവര്‍ണാവസരം ഓസീസ് താരം മിച്ചല്‍ മാര്‍ഷ് കൈവിടുകയും ചെയ്തു. താരം പുള്‍ ഷോട്ടിന് ശ്രമിക്കുമ്പോള്‍ എഡ്ജായ പന്ത് അന്തരീക്ഷത്തില്‍ ഉയര്‍ന്നു. മാര്‍ഷ് ഓടിയെത്തി ക്യാച്ചിന് ശ്രമിച്ചെങ്കിലും കയ്യിലൊതുക്കാനായില്ല. എട്ടാം ഓവറിലെ മൂന്നാം പന്തിലായിരുന്നു അവസരം. അവിടന്നങ്ങോട്ട് ഓസീസിന്റെ പതനവും ആരംഭിച്ചു. പിന്നീട് കോലി - രാഹുല്‍ സഖ്യം കൂട്ടിചേര്‍ത്തത് 165 റണ്‍സ്. ക്യാച്ച് കൈവിട്ടതിന് ഓസീസ് കനത്തവില നല്‍കേണ്ടിവന്നു. 38ആം ഓവറില്‍ ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചാണ് കോലി മടങ്ങിയത്. ഹേസല്‍വുഡിന്റെ പന്തില്‍ മര്‍നസ് ലബുഷെയ്‌ന് ക്യാച്ച്. 116 പന്തുകള്‍ നേരിട്ട കോലി ആറ് ബൗണ്ടറികള്‍ നേടിയിരുന്നു. പിന്നീട് രാഹുല്‍ - ഹാര്‍ദിക് പാണ്ഡ്യ (11) സഖ്യം ഇന്ത്യയെ വിജത്തിലേക്ക് നയിച്ചു. രാഹുല്‍ എട്ട് ഫോറും രണ്ട് സിക്സും നേടി. ഓസീസിന് വേണ്ടി ഹേസല്‍വുഡ് മൂന്ന് വിക്കറ്റെടുത്തു.

നേരത്തെ, ഓസീസ് നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി നേടിയിരുന്നില്ല. 46 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ 41 റണ്‍സെടുത്തു. അത്ര മികച്ചതായിരുന്നില്ല ഓസീസിന്റെ തുടക്കം. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ (0) നഷ്ടമായി. ബുമ്രയുടെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച്. പിന്നീട് മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ - സ്മിത്ത് സഖ്യം 69 കൂട്ടിചേര്‍ത്തു. എന്നാല്‍ വാര്‍ണറെ റിട്ടേണ്‍ ക്യാച്ചിലൂടെ കുല്‍ദീപ് മടക്കി. പിന്നീടാണ് ജഡേജ പന്തെറിയാനെത്തിയത്. വിലപ്പെട്ട മൂന്ന് വിക്കറ്റുകള്‍ താരം സ്വന്തമാക്കി. സ്മിത്തിനെ ബൗള്‍ഡാക്കിയായിരുന്നു തുടക്കം. പിന്നാലെ മര്‍നസ് ലബുഷെയ്‌നെ (27) വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. അതേ ഓവറില്‍ അലക്‌സ് ക്യാരിയെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി മൂന്ന് വിക്കറ്റ് പൂര്‍ത്തിയാക്കി. ഇതിനിടെ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ കുല്‍ദീപ് ബൗള്‍ഡാക്കി.

കാമറൂണ്‍ ഗ്രീന്‍ (8) അശ്വിന്‍ മുന്നില്‍ കീഴടങ്ങിയപ്പോല്‍ കമ്മിന്‍സിനെ (15) ബുമ്ര മടക്കി. ആഡം സാംപ (6) ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ മിഡ് ഓഫില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ (28) റണ്‍സാണ് ഓസീസിനെ 200ന് അടുത്തെത്തിച്ചത്. സ്റ്റാര്‍ക്കിനെ അവസാന ഓവറില്‍ സിറാജ് മടക്കി. ജോഷ് ഹേസല്‍വുഡ് (1) പുറത്താവാതെ നിന്നു. ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Tags:    

Similar News