'കൂടുതൽ ശക്തയായി തിരിച്ചുവരിക'; വിനേഷ് ഫോഗട്ടിന് പിന്തുണയുമായി പ്രധാനമന്ത്രി

Update: 2024-08-07 09:02 GMT

പാരീസ് ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യക്കായി സ്വർണമെഡലിനായി ഫൈനലിൽ മത്സരിക്കാനിരിക്കെ ഭാരപരിശോധനയിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാരുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ് വിനേഷ് ഫോഗട്ട് എന്നും ഇപ്പോഴത്തെ തിരിച്ചടി വേദനാജനകമാണെന്നും മോദി ഫേയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

'വിനേഷ്, നീ ചാമ്പ്യൻമാരിൽ ചാമ്പ്യനാണ്! നീ ഇന്ത്യക്കാരുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി വേദനാജനകമാണ്. വാക്കുകളിൽക്കൂടി ഇതിലുള്ള നിരാശ പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതേസമയം, നീ സഹിഷ്ണുതയുടെ പ്രതീകമാണ്. വെല്ലുവിളികളെ ധീരതയോടെ നേരിടുകയെന്നതായിരുന്നു എന്നും നിന്റെ പ്രകൃതം. കൂടുതൽ ശക്തയായി തിരിച്ചുവരിക! ഞങ്ങളെല്ലാവരും നിന്റെ കൂടെയുണ്ട്', മോദി കുറിച്ചു.

സ്വർണ മെഡലിനായി ഫൈനലിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അനുവദനീയമായതിനേക്കാൾ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കേണ്ട ഫൈനലിൽ അമേരിക്കയുടെ സാറാ ഹിൽഡ്ബ്രാണ്ടുമായാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്.

Tags:    

Similar News