'മാന്ത്രിക മനുഷ്യന്‍, ഞങ്ങൾ നിങ്ങളെ മിസ് ചെയ്യും'- വിരമിച്ച ഇനിയെസ്റ്റയ്ക്ക് മെസിയുടെ സ്‌നേഹക്കുറിപ്പ്

Update: 2024-10-08 10:25 GMT

വിരമിച്ച സ്പാനിഷ് ഇതിഹാസം ആന്ദ്രെ ഇനിയെസ്റ്റക്ക് ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി അര്‍ജന്റീനൻ നായകനും ഇതിഹാസ താരവുമായ ലിയോണല്‍ മെസി. 24 വര്‍ഷം നീണ്ട കരിയറിനാണ് കഴിഞ്ഞ ദിവസം ഇനിയെസ്റ്റ 40ാം വയസില്‍ വിരാമമിട്ടത്.

തന്റെ കൂടെ പന്ത് തട്ടിയ സഹ താരങ്ങളില്‍ ഏറ്റവും മാന്ത്രികതയുള്ള മനുഷ്യനാണ് ഇനിയെസ്റ്റ എന്ന് മെസി കുറിച്ചു. 'ഒപ്പം കളിക്കാന്‍ ഏറെ ആഗ്രഹിച്ച, ആസ്വദിച്ച സഹ താരങ്ങളില്‍ ഒരാള്‍. പന്ത് നിങ്ങളെ മിസ് ചെയ്യാന്‍ പോകുന്നു. അതുപോലെ ഞങ്ങളും. നിങ്ങള്‍ ഒരു പ്രതിഭാസമാണ്. എല്ലാ ആശംസകളും' മെസി കുറിച്ചു.

ബാഴ്‌സലോണയുടെ വമ്പൻ നേട്ടങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ച രണ്ട് താരങ്ങളാണ് ഇനിയെസ്റ്റയും മെസിയും. ഇനിയെസ്റ്റയുടെ അസിസ്റ്റുകള്‍ പലതും തന്റെ മികവാർന്ന പ്രകടനത്തിലൂടെ മെസി ഗോളാക്കി മാറ്റിയതിന് ഫുട്‌ബോള്‍ ലോകം നിരവധി തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇനിയെസ്റ്റ ബാഴ്‌സലോണ വിട്ടത് 2018ലാണ്. പിന്നീട് ജപ്പാന്‍ ടീം വിസല്‍ കോബയ്ക്കായി 5 വര്‍ഷം താരം കളത്തിലിറങ്ങി. കഴിഞ്ഞ സീസണില്‍ യുഎഇ ക്ലബ് എമിറെറ്റ്‌സിനായി കളിക്കുകയായിരുന്നു ഇനിയെസ്റ്റ. യുഎഇ ടീമില്‍ തുടരവെയാണ് താരം കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Tags:    

Similar News