കനത്ത മഴ; ഹൈദരാബാദ്-ഗുജറാത്ത് പോരാട്ടം ഉപേക്ഷിച്ചു; ഹൈദരാബാദ് പ്ലേ ഓഫിൽ

Update: 2024-05-17 05:45 GMT

കനത്ത മഴയെ തുടർന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ഉപേക്ഷിക്കേണ്ടി വന്നതോടെ ഹൈദരാബാദ് പ്ലേ ഓഫിൽ കയറി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും പിന്നാലെ പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമാണ് ഹൈദരാബാദ്. ഇന്നലെ വൈകിട്ട് പെയ്ത മഴയിൽ പിച്ചും ഔട്ട് ഫീല്‍ഡും നനഞ്ഞു കുതിര്‍ന്നിരുന്നു. ഇതോടെ ടോസ് പോലും സാധ്യമാകാതെയാണ് മത്സരം ഉപേക്ഷിച്ചത്. കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയന്‍റ് പങ്കിട്ടു. 15 പോയിന്റെ ലഭിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇതോടെ പ്ലേ ഓഫിലെത്തുകയായിരുന്നു.

ഇതോടെ ഇനി 18ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരമായിരിക്കും പ്ലേ ഓഫിലെ നാലാമത്തെ ടീമിനെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകുക. കളിയിൽ ചെന്നൈ ജയിച്ചാല്‍ 16 പോയന്‍റുമായി ചെന്നൈ പ്ലേ ഓഫിലെത്തും. മറിച്ച് ആർസിബിയാണ് ജയിക്കുന്നതെങ്കിൽ ഇരു ടീമുകൾക്കും 14 പോയന്‍റ് വീതമാകും. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ തീരുമാനിക്കുക. എന്നാൽ മഴ ഈ മത്സരത്തിനും തടസമാകാൻ സാധ്യതയുണ്ടെന്ന വാർത്തയുണ്ട്.

ഹൈദരാബാദ്-ഗുജറാത്ത് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ടോപ് 2 വില്‍ ഫിനിഷ് ചെയ്യാന്‍ രാജസ്ഥാന് കൊല്‍ക്കത്തത്തക്കെതിരായ അവസാന മത്സരം ജയിച്ചാല്‍ മാത്രം മതി. എന്നാൽ വലിയ മാര്‍ജിനിലുള്ള വിജയമാണെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്തയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും രാജസ്ഥാന് കഴിയും.

Tags:    

Similar News