രോഹിത് ശര്‍മയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു എന്തിനു മാറ്റി? ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി മുംബൈ പരിശീലകൻ
ഇന്ത്യൻ പ്രീമീയര്‍ ലീഗ് 2024 സീസണിനുള്ള ഒരുക്കത്തിലാണ് ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യൻസ്. പരിശീലന ക്യാംപിനിടെ ഇന്ന് മുംബൈ പാണ്ഡ്യയും പരിശീലകൻ മാർക്ക് ബൗച്ചറും വാർത്താ സമ്മേളനം നടത്തിയിരുന്നു. ടീം മത്സരത്തിനുവേണ്ടി എങ്ങനെ തയാറെടുക്കുന്നു എന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചു. എന്നാൽ രോഹിത് ശർമയെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് മുംബൈ പരിശീലകൻ ഒഴിഞ്ഞുമാറുകയായിരുന്നു.
രോഹിത് ശര്‍മയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിൽ ആരാധകരുടെ അതൃപ്തി ടീം മനസിലാക്കിയതാണ്. ഇപ്പോഴും പ്രതിഷേധങ്ങൾ പൂർണമായിട്ടും കെട്ടടങ്ങിയിട്ടില്ല. മത്സരത്തിനിടെ ആരാധകർ എങ്ങനെ പ്രതികരിക്കും എന്ന ആശങ്കയും ടീം മാനേജ്മെന്റിനുണ്ട്. അതിനിടെയാണ് ഇങ്ങനെയൊരു ചോദ്യം ഉയർന്നുവന്നത്. എന്നാൽ പരിശീലകൻ മാർക്ക് ബൗച്ചർ ഒന്നും പറയാനില്ലെന്ന ഭാവത്തിൽ തലയാട്ടുക മാത്രമാണ് ചെയ്തത്. അതേസമയം രോഹിത് ശർമയുടെ സാന്നിധ്യം ക്യാപ്റ്റനെന്ന നിലയിൽ തനിക്കു സഹായമാകുമെന്ന് ഹാർദിക് പാണ്ഡ്യ വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായിരുന്നു ഹാർദിക് പാണ്ഡ്യയയെ കോടികൾ നൽകിയാണ് മുംബൈ വീണ്ടും ടീമിലെത്തിച്ചത്. ടീമിലേക്കു തിരിച്ചുവരണമെങ്കിൽ ക്യാപ്റ്റൻ സ്ഥാനവും നൽകണമെന്ന് ഹാർദിക് പാണ്ഡ്യ ആവശ്യപ്പെടുകയായിരുന്നു.