പാരിസ് ഒളിംപിക്‌സിൽ വെള്ളി മെഡൽ; പരസ്യങ്ങള്‍ക്കുള്ള പ്രതിഫലം ഒന്നരക്കോടി വര്‍ധിപ്പിച്ച് ജാവലിന്‍ ത്രോ താരം

Update: 2024-08-19 12:48 GMT

പാരിസ് ഒളിംപിക്‌സിലെ വെള്ളിമെഡല്‍ നേട്ടത്തിന് പിന്നാലെ പരസ്യങ്ങള്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിച്ച് ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഒന്നരക്കോടി രൂപയാണ് നീരജ് വര്‍ധിപ്പിച്ചത്. പരിക്കുമായി മത്സരിച്ചിട്ടും 89.45 മീറ്റര്‍ ദൂരത്തേക്ക് ജാവലിനെറിഞ്ഞാണ് നീരജ് ചോപ്ര പാരിസ് ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയത്. തുടര്‍ച്ചയായി രണ്ടാം ഒളിംപിക്‌സിലും മെഡല്‍ സ്വന്തമാക്കിയതോടെ നീരജിന്റെ പരസ്യ വരുമാനവും കുത്തനെ ഉയര്‍ന്നു. നിലവില്‍ മൂന്നുകോടി രൂപയാണ് ഓരോ പരസ്യബ്രാന്‍ഡുകള്‍ക്കായി നീരജ് പ്രതിഫലം പറ്റുന്നത്.

ഇപ്പോൾ ഒന്നരക്കോടി വര്‍ധിപ്പിച്ചതോടെ പ്രതിഫലം നാലരക്കോടിയായി. ക്രിക്കറ്റ് താരങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരസ്യവരുമാനമുള്ള കായികതാരവും നീരജാണ്. 21 ബ്രാന്‍ഡുകളുമായാണ് നീരജിന് പരസ്യ കരാറുള്ളത്. പാരീസിലെ മെഡല്‍ നേട്ടത്തോടെ എട്ട് കമ്പനികളുമായി നീരജ് ഉടന്‍ പരസ്യ കരാറിലെത്തും. ഈവര്‍ഷം അവസാനിക്കും മുന്നേ നീരജ് 34 കമ്പനികളുമായി കരാറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പരസ്യവരുമാനത്തില്‍ ക്രിക്കറ്റിലെ പലതാരങ്ങളെയും മറികടക്കാന്‍ നീരജിനാവും.

Tags:    

Similar News