ഐഎസ്എൽ ഫുട്ബോൾ ; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ, ഒഡീഷ എഫ് സി എതിരാളികൾ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഒഡീഷ എഫ്സി എതിരാളികൾ. ഒഡീഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിച്ചാൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം. ഇതുവരെ 12 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് എട്ട് മത്സരങ്ങളിൽ വിജയിച്ചു. രണ്ട് വീതം മത്സരങ്ങളിൽ സമനിലയും തോൽവിയുമുണ്ട്. 26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.
ടീമിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച ക്വാമെ പെപ്ര പരുക്കേറ്റ് പുറത്തായത് ബ്ലാസ്റ്റേഴ്സിനു കനത്ത തിരിച്ചടിയാണ്. പെപ്ര പുറത്തായതോടെ ഗോകുലം കേരളയിൽ വായ്പാടിസ്ഥാനത്തിൽ കളിച്ചിരുന്ന നൈജീരിയൻ താരം ഇമ്മാനുവൻ ജസ്റ്റിനെ ബ്ലാസ്റ്റേഴ്സ് തിരികെവിളിച്ചിട്ടുണ്ട്. പരുക്കേറ്റ് പുറത്തായ അഡ്രിയാൻ ലൂണയ്ക്ക് പകരം ടീമിലെത്തിയ ലിത്വാനിയൻ താരം ഫെഡോർ സെർണിച്ച് കളിക്കുമോ എന്നത് കണ്ടറിയണം.
കലിംഗ സൂപ്പർ കപ്പിൽ റണ്ണേഴ്സ് അപ്പായ ഒഡീഷ ഐഎസ്എലിൽ മൂന്നാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ 7 മത്സരം വിജയിച്ച ഒഡീഷയ്ക്ക് 24 പോയിന്റാണുള്ളത്. ഈ കളി വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഒഡീഷ രണ്ടാം സ്ഥാനത്തെത്തും.