ഐപിഎൽ ; ഇന്ന് രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസ് പോരാട്ടം

Update: 2024-03-28 08:24 GMT

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ജയ്പൂരിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. രണ്ട് വിക്കറ്റ് കീപ്പർമാർ നയിക്കുന്ന മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ പോരാട്ടത്തിനുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്താൻ മത്സരിക്കുന്ന മലയാളിതാരം സഞ്ജു സാംസണും റിഷഭ് പന്തുമാണ് നേർക്കുനേർ ഏറ്റുമുട്ടന്നത്. കാറപകടത്തിലേറ്റ ഗുരുതര പരിക്കിനെ അതിജീവിച്ചെത്തിയ പന്ത് തന്നെയാണ് രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടിലും ശ്രദ്ധാകേന്ദ്രം.

പഞ്ചാബിനെതിരെ പന്ത് 18 റൺസിൽ മടങ്ങിയപ്പോൾ ഡൽഹി നാല് വിക്കറ്റിന് തോറ്റു. സഞ്ജു 52 പന്തിൽ 83 റൺസുമായി തകർത്തടിച്ച ആദ്യ മത്സരത്തിൽ ലഖ്നൗവിനെതിരെ രാജസ്ഥാൻ സ്വന്തമാക്കിയത് 20 റൺസ് ജയം. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, ഷായ് ഹോപ്പ് എന്നിവരടങ്ങിയ മുൻനിര ക്രീസിലുറച്ചാലേ ഡൽഹിക്ക് രക്ഷയുള്ളൂ. രാജസ്ഥാന്‍ റോയല്‍സിനെതിരെ 170 സ്ട്രൈക്ക് റേറ്റില്‍ ഒമ്പത് അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ ബാറ്റിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ.

അക്സർ പട്ടേലിനെ മാറ്റിനിർത്തിയാൽ ഡൽഹിയുടെ ബൗളിംഗ് നിരയും ദുർബലം. ആന്‍റിച്ച് നോര്‍ക്യ തിരിച്ചെത്തിയതും ഇഷാന്ത് ശര്‍മയും മുകേഷ് കുമാറും പരിക്കു മാറി കളിക്കുമെന്നതും ഡല്‍ഹിക്ക് ശുഭവാര്‍ത്തയാണ്. മറുവശത്ത് ബട്‍ലർ, ജയ്സ്വാൾ ഓപ്പണിംഗ് ജോഡി നല്ല തുടക്കം നൽകിയാൽ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാവും. പിന്നാലെയെത്തുന്ന സഞ്ജുവും പരാഗും ഹെറ്റ്മെയറും ജുറലുമെല്ലാം തകർത്തടിക്കാൻ ശേഷിയുള്ളവർ.

വിശ്വസിച്ച് പന്തേൽപിക്കുന്നവുന്ന ബൗളർമാർ ഉള്ളതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ കരുത്ത്. പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്തുന്ന ട്രെന്‍റ് ബോൾട്ട്. സ്പിൻ കെണിയുമായി അശ്വിനും ചാഹലും. ഇരുടീമും 27 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഡൽഹി പതിമൂന്നിലും രാജസ്ഥാൻ പതിനാല് കളിയിലും ജയിച്ചു. പോയന്‍റ് പട്ടികയില്‍ ഡല്‍ഹി എട്ടാമതും രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തുമാണ്.

Tags:    

Similar News