ഇറ്റാലിയന്‍ സീരി എ കിരീടം ഇന്റര്‍ മിലാന്; ഇന്ററിന്റെ 20-ാം കിരീടധാരണം; 17 പോയന്റ് ലീഡ്

Update: 2024-04-23 08:15 GMT

ഇറ്റാലിയന്‍ സീരി എ കിരീടം സ്വന്തമാക്കി ഇന്റര്‍ മിലാൻ. സാന്‍സിറോയില്‍ നടന്ന മിലാന്‍ ഡെര്‍ബിയില്‍ എതിരാളികളായ എസി മിലാനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്റര്‍ കീഴടക്കിയത്. ജയത്തോടെ ഇന്റര്‍ തങ്ങളുടെ 20-ാം ഇറ്റാലിയന്‍ ലീഗ് കിരീടമാണ് സ്വന്തമാക്കിയത്. ലീഗില്‍ അഞ്ചുമത്സരം ശേഷിക്കെയാണ് ഇന്ററിന്റെ തകർപ്പൻ ജയം. 33 മത്സരങ്ങളില്‍ നിന്ന് 27 ജയവും അഞ്ച് സമനിലകളുമായി 86 പോയന്റോടെയാണ് ഇന്റർ ഒന്നാമത്തെത്തിയത്. ലീഗില്‍ ഒരു മത്സരം മാത്രമാണ് ഇന്ററിന് നഷ്ടമായത്.

ഇന്ററിന് രണ്ടാമതുള്ള എസി മിലാനേക്കാള്‍ 17 പോയന്റ് ലീഡുണ്ട്. 33 കളികളില്‍ നിന്ന് 69 പോയന്റ് മാത്രമുള്ള എസി മിലാന് ഇനി ഇന്ററിനെ മറികടക്കാനാകില്ല. ഇതോടെയാണ് ഇന്റർ കിരീടം ഉറപ്പിച്ചത്. മിലാന്‍ ഡെര്‍ബിയില്‍ ഫ്രാന്‍സെസ്‌കോ അസെര്‍ബിയും മാര്‍ക്കസ് തുറാമുമാണ് ഇന്ററിനായി സ്‌കോര്‍ ചെയ്തത്. ഫികായോ തൊമോരിയുടെ വകയായിരുന്നു മിലാന്റെ ആശ്വാസ ഗോള്‍. അവസാന നിമിഷങ്ങളില്‍ മത്സരം കയ്യാങ്കളിയിലേക്ക് നീങ്ങുകയും മിലാന്‍ താരങ്ങളായ തിയോ ഹെര്‍ണാണ്ടസ്, ഡേവിഡ് കലാബ്രിയ എന്നിവരും ഇന്റര്‍ മിലാന്‍ താരം ഡെന്‍സെല്‍ ഡംഫ്രീസും ചുവപ്പുകാര്‍ഡ് കണ്ടു. മിലാന്‍ ഡെര്‍ബിയില്‍ ഇന്ററിന്റെ തുടര്‍ച്ചയായ ആറാം ജയംകൂടിയായിരുന്നു ഇത്. 2020-21 സീസണിലായിരുന്നു ഇന്ററിന്റെ അവസാന ലീഗ് കിരീടം.

Tags:    

Similar News