ശ്രീജേഷ് എന്ന വൻമതിൽ; 10 പേരുമായി കളിച്ച് ബ്രിട്ടനെ തകർത്ത് ഇന്ത്യ ഒളിംപിക് ഹോക്കി സെമിയിൽ

Update: 2024-08-04 13:03 GMT

ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ ഒളിംപിക്‌സ് ഹോക്കി സെമിയില്‍. ബ്രിട്ടനെതിരേ രണ്ടാം ക്വാര്‍ട്ടറില്‍ തന്നെ 10 പേരായി ചുരുങ്ങിയിട്ടും പോരാട്ട വീര്യം കൈവിടാതെ പൊരുതിയാണ് ഇന്ത്യ സെമിയിലെത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ 4-2 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ തകർപ്പൻ വിജയം. നിശ്ചിത സമയത്ത് രണ്ടു ടീമുകളും ഓരോ ഗോള്‍വീതം നേടി സമനിലയിലെത്തിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മത്സരത്തിലുടനീളം വൻമതിൽ പോലെ ഇന്ത്യൻ ഗോൾമുഖത്ത് നിലയുറപ്പിച്ച മലയാളി താരം ശ്രീജേഷ് ഇന്ത്യയുടെ വീരനായകനായി.

Full View

മത്സരത്തി​ന്‍റെ 17ാം മിനിറ്റിൽ ബ്രിട്ടീഷ് താരത്തിന്‍റെ മുഖത്ത് സ്റ്റിക്ക് തട്ടിച്ചതിന് അമിത്​ രോഹിദാസാണ് ഇന്ത്യന്‍ നിരയില്‍ ചുവപ്പ് കാർഡ്​​ കണ്ട്​ പുറത്തായത്. ക്യാപ്റ്റൻ ഹർമൻ പ്രീത് സിങ്ങാണ് മുഴുവൻ സമയത്ത് ഇന്ത്യക്കായി വലകുലുക്കിയത്. നിശ്ചിത സമയത്തിന്റെ 22ാം മിനിറ്റില്‍ ഹര്‍മന്‍ പ്രീത് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാല്‍ 27ാം മിനിറ്റില്‍ ലീ മോര്‍ട്ടന്‍ ബ്രിട്ടനു സമനില സമ്മാനിച്ചു.

അവസാന മിനിറ്റുകളില്‍ ബ്രിട്ടന്‍ ഇന്ത്യന്‍ ഗോള്‍മുഖം നിരന്തരമായി വിറപ്പിച്ചെങ്കിലും ശ്രീജേഷിന്റെ മികച്ച നീക്കങ്ങളും കിടിലന്‍ സേവുകളും ഇന്ത്യക്ക് രക്ഷയായി. ഇതോടെ ​ഹോക്കിയിൽ ഒളിംപിക്‌സ് സ്വര്‍ണമെന്ന ഇന്ത്യയുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ഇനി രണ്ട് ജയത്തിന്റെ അകലം മാത്രം. ഓഗസ്റ്റ് ആറിനാണ് സെമി ഫൈനല്‍.

Tags:    

Similar News