'ബംഗ്ലദേശിനെതിരെ ഡിക്ലയർ ചെയ്ത ഇന്ത്യയുടെ തീരുമാനം തെറ്റായിപോയി'; വിമർശിച്ച് മുൻ പാക് താരം

Update: 2024-09-23 11:51 GMT

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാം ദിനം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാനുള്ള ഇന്ത്യൻ ടീമിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ പാക് താരവും പരിശീലകനുമായ ബാസിത് അലി. മത്സരത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് എന്ന നിലയിൽ നിൽക്കെ ഇന്ത്യ ഡിക്ലയർ ചെയ്തത് നേര‍ത്തേയായിപ്പോയെന്നും ആ തീരുമാനം തെറ്റാണെന്നും ബാസിത് അലി അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിന് മുന്നിൽ ഈ സമയം 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമുണ്ടായിരുന്നു. ടെസ്റ്റിൽ 280 റൺസിന്റെ കൂറ്റൻ വിജയം ഇന്ത്യ സ്വന്തമാക്കിയെങ്കിലും രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ നേരത്തെ ഡിക്ലയർ ചെയ്തത് തെറ്റായെന്ന് ബാസിത് അലി ചൂണ്ടിക്കാട്ടി.

രണ്ടാം ഇന്നിങ്സിൽ തുടക്കം മോശമായെങ്കിലും, സെഞ്ചുറികളുമായി ശുഭ്മൻ ഗില്ലും (119*) ഋഷഭ് പന്തും (109) തിളങ്ങിയതോടെയാണ് ഇന്ത്യ നാലിന് 287 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തത്. ഈ സമയത്ത് 19 പന്തിൽ നാലു ഫോറുകളോടെ 22 റൺസുമായി കെ.എൽ. രാഹുലായിരുന്നു ഗില്ലിനൊപ്പം ക്രീസിൽ. ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത് മോശം തീരുമാനമായിരുന്നു. ദുലീപ് ട്രോഫിയിൽ മികച്ച സ്‌കോർ കണ്ടെത്താൻ കഴിയാതിരുന്ന കെ എൽ രാഹുലിന് ഫോമിലേക്കുയരാൻ മികച്ച അവസരമായിരുന്നു ഇതെന്നും ബാസിത് അലി പറഞ്ഞു.

Tags:    

Similar News