നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്റ്റിമാച്ച്; വിഫയെ സമീപിച്ചു

Update: 2024-08-21 05:17 GMT

നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഫിഫയെ സമീപിച്ചു. കരാർ കാലാവധി പൂർത്തിയാകും മുൻപ്‌ പുറത്താക്കിയതിനാണ് സ്റ്റിമാച്ച് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനെതിരേ 2026 ജൂൺ വരെയുള്ള ശമ്പളം നൽകണമെന്നാണ് ആവശ്യം. ലോകകപ്പ് യോഗ്യതാറൗണ്ടിലെ മോശം പ്രകടനത്തെത്തുടർന്നാണ് ക്രൊയേഷ്യൻ പരിശീലകനായ സ്റ്റിമാച്ചിനെ ഫെഡറേഷൻ പുറത്താക്കിയത്. പിന്നാലെ സ്പെയിനിൽ നിന്നുള്ള മനോളോ മാർക്വേസിനെ പുതിയ പരിശീലകനായി നിയമിച്ചു.

2023ലെ പുതിയ കരാർ അനുസരിച്ച് ഇന്ത്യൻ ടീം പരിശീലകസ്ഥാനത്ത് 2026 ജൂൺവരെ സ്റ്റിമാച്ചിന് തുടരാമായിരുന്നു. 2025 ജനുവരി വരെ പ്രതിമാസം ഏതാണ്ട് 25 ലക്ഷം രൂപ ശമ്പളവും ലഭിച്ചേനെ. അതിനുശേഷം 33.50 ലക്ഷം രൂപയായി ശമ്പളം ഉയരുമായിരുന്നു. ഇതനുസരിച്ച് പലിശയടക്കം 7.50 കോടിയോളം രൂപയാണ് നഷ്ടപരിഹാരമായി സ്റ്റിമാച്ച് ആവശ്യപ്പെടുന്നത്. പുറത്താക്കുമ്പോൾ മൂന്നുമാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകാമെന്ന് ഫെഡറേഷൻ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഇത് സ്റ്റിമാച്ച് തള്ളുകയായിരുന്നു.

2019-ലാണ് സ്റ്റിമാച്ച് ഇന്ത്യൻ ടീം പരിശീലകനാകുന്നത്. 2023-ൽ കരാർ പുതുക്കി നൽകി. 53 മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചിരുന്നു. ഇതിൽ 19 ജയവും 14 സമനിലയും 20 തോൽവിയും അക്കൗണ്ടിലുണ്ട്. ഇക്കാലയളവിൽ ടീം സാഫ് കപ്പ്, ത്രിരാഷ്ട്ര ടൂർണമെന്റ്, ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിവ നേടി. എന്നാൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ടീമിന് മൂന്നാം റൗണ്ടിലേക്കു കടക്കാൻ കഴിയാതെ വന്നതോടെ വലിയ വിമർശനമാണ് സ്റ്റിമാച്ചിനെതിരെ ഉയർന്നത്. 

Tags:    

Similar News