പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്ക തകർന്നടിയുമ്പോൾ ഗാലറി നിറയെ ആരാധകരുടെ നിറകണ്ണുകൾ കാണാമായിരുന്നു. മുഹമ്മദ് സിറാജിന്റെ തീപ്പന്തുകൾക്ക് മുന്നിൽ തകർന്നടിഞ്ഞ ലങ്കയെ 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ പോലും ഇന്ത്യ സമ്മതിച്ചില്ല. 16 ഓവറിലാണ് ലങ്കന്‍ ബാറ്റിങ് നിര 50 റണ്‍സിന് കൂടാരം കയറിയത്. എട്ടാം ഏഷ്യാ കപ്പില്‍ മുത്തമിടുമ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ ഓര്‍മകള്‍ 23 വര്‍ഷം പുറകിലേക്ക് സഞ്ചരിച്ച് കാണണം. 2000 ത്തിൽ ഷാർജയിൽ വച്ചരങ്ങേറിയ ചാമ്പ്യൻസ് ട്രോഫി കലാശപ്പോരിൽ 54 റൺസിനാണ് ശ്രീലങ്ക ഇന്ത്യയെ പുറത്താക്കിയത്. ഒമ്പതോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചാമിന്ത വാസാണ് അന്ന് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക സെഞ്ച്വറി നേടിയ സനത് ജയസൂര്യയുടെ മികവില്‍ 299 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വികളിലൊന്നായിരുന്നു അത്. ആ തോല്‍വിക്കുള്ള മധുരപ്രതികാരം മറ്റൊരു ഫൈനലില്‍ ശ്രീലങ്കന്‍ കാണികള്‍ക്ക് മുന്നില്‍ വച്ച് ഇന്ത്യ തീര്‍ത്തു.
ഒരുപിടി റെക്കോര്‍ഡുകളാണ് മത്സരത്തില്‍ പിറവിയെടുത്തത്. ഇന്ത്യയുടെ ഏറ്റവും വലിയ ഏകദിന ജയമാണ് കൊളംബോയില്‍ പിറന്നത്. 263 പന്ത് ബാക്കി നിൽക്കേയാണ് ഇന്ത്യ ജയം കുറിച്ചത്. 2001ൽ 231 പന്ത് ബാക്കി നിൽക്കേ കെനിയക്കെതിരെ നേടിയ വിജയത്തിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഒപ്പം ഇന്ത്യയുടെ വിജയശില്‍പ്പിയായ സിറാജും ചരിത്രപുസ്തകത്തില്‍ തന്‍റെ പേരെഴുതിച്ചേര്‍ത്തു. ഒരോവറില്‍ നാല് വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ ബോളറാണ് സിറാജ്. ഏഷ്യാ കപ്പ് ഫൈനലിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം കൂടിയാണിത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് ആദ്യ ഓവർ മുതൽ തന്നെ തൊട്ടതെല്ലാം പിഴച്ചു. ആദ്യ ഓവറിൽ ഓപ്പണർ കുശാൽ പെരേറയെ കെ.എൽ രാഹുലിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറ വരാനിരിക്കുന്ന വൻദുരന്തത്തിന്റെ സൂചന നൽകി. രണ്ടാം ഓവർ എറിയാനെത്തിയ സിറാജിന്റെ ഒരു പന്ത് പോലും റണ്ണിലേക്ക് പായിക്കാൻ ശ്രീലങ്കൻ ബാറ്റർമാർക്കായില്ല. ബുംറയുടെ മൂന്നാം ഓവറിൽ പിറന്നത് ഒരു റൺസ്. പിന്നീടാണ് സിറാജ് കൊടുങ്കാറ്റ് അവതരിച്ചത്.
നാലാം ഓവറിലെ ആദ്യ പന്തിൽ നിസംഗയെ സിറാജ് ജഡേജയുടെ കയ്യിലെത്തിച്ചു. മൂന്നാം പന്തിൽ സമരവിക്രമയെ വിക്കറ്റിന് മുന്നിൽ കുടുക്കി. നാലാം പന്തിൽ അസലങ്കയെ ഇഷാൻ കിഷന്റെ കയ്യിലെത്തിച്ചു. അഞ്ചാം പന്തിൽ ബൗണ്ടറി പായിച്ച ദനഞ്ജയയെ ആറാം പന്തിൽ രാഹുലിന്റെ കയ്യിലെത്തിച്ച സിറാജ് ലങ്കയുടെ അടിവേരിളക്കി. ബുംറയുടെ അടുത്ത ഓവർ മെയ്ഡിനിൽ കലാശിച്ചു. ആറാം ഓവർ എറിയാനെത്തിയ സിറാജ് നാലാം പന്തിൽ ദസൂൻ ശനകയുടെ കുറ്റി തെറിപ്പിച്ച് മൂന്നോവറിൽ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. പിന്നീടൊക്കെ ചടങ്ങുകള്‍ മാത്രമായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ച കുശാല്‍ മെന്‍ഡിസിന്‍റെ മിഡില്‍ സ്റ്റമ്പ് 11 ാം ഓവറില്‍ സിറാജ് തെറിപ്പിച്ചു. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കക്കായി പന്തു കൊണ്ടും ബാറ്റ് കൊണ്ടും വിസ്മയം കാണിച്ച യുവതാരം വെല്ലലഗയെ 13 ാം ഓവറില്‍ പാണ്ഡ്യ രാഹുലിന്‍റെ കയ്യിലെത്തിച്ചു. പിന്നീട് പ്രമോദ് മദുശനെ കോഹ്‍ലിയുടേയും മതീഷ് പതിരാനയെ ഇഷാന്‍ കിഷന്‍റെയും കയ്യിലെത്തിച്ച് ഹര്‍ദിക് പാണ്ഡ്യ ലങ്കാ ദഹനം പൂര്‍ത്തിയാക്കി.