കൊമ്പൻമാരുടെ വല കാക്കാൻ ഇനി പുതിയ ആളെ തേടേണ്ടി വരും ബ്ലാസ്റ്റേഴ്സിന്. യുവ ഗോൾ കീപ്പറും കഴിഞ്ഞ രണ്ട് സീസണിലും മികച്ച പ്രകടനം കാഴ്ച വെച്ച താരവുമായ പ്രഭ്സുഖാൻ സിംഗ് ഗിൽ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ച് കഴിഞ്ഞു. ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങുന്നുവെന്നാണ് വാർത്തകൾ. ട്രാൻസ്ഫർ സംബന്ധിച്ചുള്ള നടപടി ക്രമങ്ങൾ ഏറെക്കുറെ അവസാന ഘട്ടത്തിലാണ്. ഗിൽ മടങ്ങുന്നത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ സീസണിൽ 19 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുണ്ട്. രണ്ട് സീസണിലായി 38 മത്സരങ്ങൾ ഗിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ചു. ബെംഗളൂരു എഫ് സിയിൽ നിന്നാണ് താരം 2020ൽ കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സിയിലേക്ക് എത്തിയത്.
പഞ്ചാബ് ലുധിയാന സ്വദേശിയായ ഗിൽ 2014ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാഡമിയിൽ നിന്നാണ് പ്രൊഫഷണൽ ഫുട്ബോൾ രംഗത്തേക്ക് കടന്നു വന്നത്.