ഒടുവിൽ ഇന്റര്‍ മിലാനെ തകർത്ത് എസി മിലാന്‍; ഇന്ററിനെ മിലാന്‍ വീഴ്ത്തുന്നത് 2 വര്‍ഷത്തിനു ശേഷം

Update: 2024-09-23 11:27 GMT

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിജയം കൊയ്ത് എസി മിലാന്‍. ഇന്റര്‍ മിലാനെതിരെയുള്ള കഴിഞ്ഞ ആറ് ഡെര്‍ബികളിലും മിലാന്‍ തോൽവിക്ക് വഴങ്ങയിരുന്നു. ഒടുവില്‍ അവര്‍ ജയിച്ചത് 2022 സെപ്റ്റംബറില്‍. പിന്നീട് ആറ് തവണ മിലാന്‍ നാട്ടങ്കം അരങ്ങേറിയെങ്കിലും ആറ് തവണയും ഇന്റര്‍ ജയിച്ചു കയറി.

ഇത്തവണ ഇന്ററിന്റെ സ്വന്തം തട്ടകത്തില്‍ കയറിയാണ് മിലാന്‍ അവരെ മുട്ടുകുത്തിച്ചത്. ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്കാണ് ജയം. ക്രിസ്റ്റിയന്‍ പുലിസിച്, മാറ്റിയോ ഗാബിയ എന്നിവരാണ് മിലാനായി വല കുലുക്കിയത്. അതേസമയം, ഇന്ററിന്റെ ആശ്വാസ ഗോള്‍ നേടിയത് ഫെഡറിക്കോ ഡിമാര്‍ക്കോയാണ്.

പുലിസിച് മിലാനെ കളിയുടെ 10ാം മിനിറ്റില്‍ തന്നെ മുന്നിലെത്തിച്ചു. എന്നാല്‍ ഡിമാര്‍ക്കോയിലൂടെ ഇന്റര്‍ 27ാം മിനിറ്റില്‍ തിരിച്ചെത്തി. 89ാം മിനിറ്റിലാണ് ഇന്ററിനെ തകർത്ത ഗാബിയയുടെ ഗോള്‍ വന്നത്. താരത്തിന്റെ ബുള്ളറ്റ് ഹെഡ്ഡര്‍ ഇന്റര്‍ ഗോള്‍ കീപ്പര്‍ യാന്‍ സോമ്മര്‍ക്ക് ഒരവസരവും നല്‍കാതെ ഗോളായി മാറി. ഇതോടെ സീസണിലെ ആദ്യ തോല്‍വിക്കാണ് ഇന്റർ വഴങ്ങിയത്. ഇരു മിലാന്‍ ടീമുകള്‍ക്കും 8 പോയിന്റ് വീതം. ഗോള്‍ വ്യത്യാസ ബലത്തില്‍ ഇന്റര്‍ ആറാമതും മിലാന്‍ ഏഴാം സ്ഥാനത്തും.

Tags:    

Similar News