ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ റയലിലേക്ക് എന്ന് സൂചന; ഈ സീസൺ അവസാനത്തോടെ പിഎസ്ജി വിട്ടേക്കും

Update: 2024-02-04 14:38 GMT

ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപെയുടെ കൂടുമാറ്റ വാർത്തകൾ വീണ്ടും സജീവമാകുന്നു. ഫ്രഞ്ച് മാധ്യമമാണ് താരം ഈ സീസൺ അവസാനത്തോടെ പി.എസ്.ജി വിടുമെന്ന് റിപ്പോർട്ട് ചെയ്തത്. വൈകാതെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായി കരാറിലെത്തുമെന്നും ഫ്രഞ്ച് പത്രം ലേ പാരീസിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇ.എസ്.പി.എനും വാർത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു. 25 കാരൻ റയലിലേക്ക് ചേക്കേറുമെന്ന് കഴിഞ്ഞ കുറച്ച് മാസമായി പ്രചരണമുണ്ടെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല.

2023-24 സീസണിന് ശേഷം എംബാപ്പെയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും. പി.എസ്.ജി അധികൃതർ പുതിയ കരാറിലെത്താൻ താരത്തെ സമീപിച്ചിരുന്നെങ്കിലും ക്ലബ് വിടണമെന്ന ആഗ്രഹത്തിലാണ് താരം. എന്നാൽ വൻ തുക മുടക്കി എംബാപെയെ ടീമിലെത്തിക്കുമ്പോൾ മറ്റൊരു പ്രധാന താരത്തെ വിൽക്കേണ്ടിവരുമെന്ന സാഹചര്യം സ്പാനിഷ് ക്ലബിന് മുന്നിലുണ്ട്. ഇതോടെ ട്രാൻസ്ഫർ ചർച്ചകൾ എങ്ങുമെത്താതിരിക്കുകയാണ്. റയലിനായി മിന്നും ഫോമിൽ കളിക്കുന്ന ബ്രസീലിയൻ വിനീഷ്യസ് ജൂനിയറിനെ മാഞ്ചസറ്റർ യുണൈറ്റഡിന് കൈമാറുന്ന തരത്തിലും ചർച്ചകളുണ്ട്.

2017-ൽ മൊണാക്കോയിൽ നിന്ന് 180 മില്യൺ യൂറോ നൽകിയാണ് എംബാപ്പയെ പിഎസ്ജി സ്വന്തമാക്കിയത്. 288 മത്സരങ്ങളിൽ നിന്നായി 241 ഗോളാണ് താരം ക്ലബിനായി നേടിയത്. നിലവിൽ ഫുട്‌ബോൾ വിപണിയിൽ ഏറ്റവും താരമൂല്യമുള്ള ഫുട്‌ബോളറെന്ന നിലയിൽ വൻതുക തന്നെ എംബാപെക്കായി റയലിന് മുടക്കേണ്ടിവരും. ഫ്രാൻസിനൊപ്പം ലോകകപ്പ് ജേതാവായ എംബാപെ കഴിഞ്ഞ തവണ ടീമിനെ ഫൈനലിലെത്തിക്കുന്നതിലും നിർണായക പങ്ക് വഹിച്ചിരുന്നു. ഖത്തർ ലോകകപ്പിൽ അർജന്റീനയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് ടീം തോറ്റ് പുറത്തായത്. ലോകകപ്പിലെ ഗോൾഡൻബൂട്ട് പുരസ്‌കാരവും എംബാപെക്കായിരുന്നു. എന്നാൽ ആറുവർഷത്തിനിടെ പി.എസ്.ജിക്കൊപ്പം ഇതുവരെ ചാമ്പ്യൻസ് ട്രോഫി നേടാൻ യുവതാരത്തിനായില്ല. ഇതും ചുവട് മാറ്റത്തിന് കാരണമാക്കിയിട്ടുണ്ട്.

Tags:    

Similar News