ഫുട്ബോൾ ലോകകപ്പിൽ കളിക്കണം; ഇന്ത്യൻ വംശജരെ ടീമിൽ പരിഗണിക്കാൻ ഒരുങ്ങി എഐഎഫ്എഫ്

Update: 2023-08-15 11:04 GMT

ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ പരിഗണിക്കാനൊരുങ്ങി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഇന്ത്യൻ വംശജരെയും പ്രവാസി ഇന്ത്യക്കാരായ ഫുട്ബോൾ താരങ്ങളുടെ നിലയും അവർ ഇന്ത്യൻ ടീമിൽ കളിക്കാനുള്ള സാധ്യതയും വിലയിരുത്തുന്നതിനായി എഐഎഫ്എഫ് ടാസ്ക് ഫോഴ്സിനു രൂപം നൽകി.

ലോകത്തിലെ വിവിധ ലീഗുകളിൽ കളിക്കുന്ന ഇന്ത്യൻ വംശജരായ താരങ്ങളുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ടാസ്ക് ഫോഴ്സ് വിലയിരുത്തും. പഞ്ചാബ് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന സ്‌പോർട്‌സ് അഡ്മിനിസ്‌ട്രേറ്ററുമായ സമീർ ഥാപ്പറാണ് ടാസ്ക് ഫോഴ്സിനെ നയിക്കുക. ചെയർമാനുമായും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായും കൂടിയാലോചിച്ച ശേഷം ടാസ്‌ക് ഫോഴ്‌സിലെ മറ്റ് അംഗങ്ങളുടെ പേര് പ്രഖ്യാപിക്കാനാണ് എഐഎഫ്എഫ് നീക്കം. 2024 ജനുവരി 31നുള്ളിൽ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് സമർപ്പിക്കണം. നിലവിൽ രാജ്യത്തെ നിയമമനുസരിച്ച് ഇന്ത്യൻ വംശജരായ താരങ്ങൾക്ക് ഇരട്ട പൗരത്വമുണ്ടെങ്കിലും ദേശീയ ടീമിൽ കളിക്കാനാവില്ല. ഈ നിയമം തിരുത്താനാണ് ഫുട്ബോൾ ഫെഡറേഷൻ്റെ ശ്രമം. ഇതിന് കൃത്യവും സമഗ്രവുമായ വിവരങ്ങൾ ആവശ്യമുണ്ട്. അതുകൊണ്ടാണ് ഈ ടാസ്ക് ഫോഴ്സിനു രൂപം നൽകിയതെന്ന് എഐഎഫ്എഫ് പറഞ്ഞു.

Tags:    

Similar News