കലാശപ്പോരിനൊരുങ്ങി വനിതാ പ്രീമിയര്‍ ലീ​ഗ്; കിരീട പോരാട്ടത്തിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും

Update: 2024-03-17 06:40 GMT

വനിതാ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് കലാശപ്പോരാട്ടം. ദില്ലിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി. ആദ്യകിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി ഇക്കുറി ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ എട്ട് കളിയില്‍ ഡല്‍ഹി ആറിലും ജയിച്ചു. പ്ലേ ഓഫില്‍ ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് ജയന്റ്‌സിനെ തോല്‍പിച്ചത്. നേര്‍ക്കുനേര്‍ കളിയിൽ ഡല്‍ഹിക്കാണ് സമ്പൂര്‍ണ ആധിപത്യം. ബാംഗ്ലൂരിനെതിനെയുള്ള നാല് കളിയിലും ഡല്‍ഹി ജയിച്ചു.

എലിമിനേറ്റർ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് റണ്‍സിന് കീഴടക്കിയാണ് ആര്‍സിബി ഫൈനലിലെത്തിയത്. ഡല്‍ഹി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആര്‍സിബി വൻ തകർച്ചയാണ് തുടക്കത്തിൽ നേരിട്ടത്. അതിൽ നിന്നും കരകയറിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനാണ് സാധിച്ചത്. 50 പന്തില്‍ 66 റണ്‍സെടുത്ത എല്ലിസ് പെറിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാന്‍ മാത്രമെ കഴിഞ്ഞിരുന്നൊള്ളു. ഫൈനലിലെ മലയാളി സാന്നിധ്യം ഡല്‍ഹിയുടെ മിന്നു മണിയും ബാംഗ്ലൂരിന്റെ ആശ ശോഭനയുമാണ്.

Tags:    

Similar News