ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി കാപിറ്റല്‍സ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം ജയിച്ചെ കഴിയു. ഡൽഹിക്കിപ്പോഴും സാധ്യതയുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റ് നോക്കുമ്പോൾ പുറത്തായ നിലയിലാണ്. 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ആറാം സ്ഥാനത്തുള്ള ഡല്‍ഹി ഇന്ന് തോറ്റാൽ പ്ലേ ഓഫ് കാണാതെ മടങ്ങേണ്ടി വരും. എന്നാൽ ഇന്നത്തെ കളിയിൽ ജയിച്ചാലും ഡൽഹിക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാകില്ല. കൂറ്റന്‍ ജയം നേടിയാല്‍ മാത്രമെ പ്രതീക്ഷയ്ക്ക് വകയുള്ളു. ആദ്യം ബാറ്റ് ചെയ്ത് കൂറ്റൻ സ്കോർ ഉയർത്തുകയും ശേഷം ലഖ്‌നൗവിനെ ചെറിയ റണ്‍സിന് തോൽപ്പിക്കുകയും വേണം. ടോസടക്കം ഇന്ന് നിർണായകമാണ്. അവസാനം കളിച്ച മത്സരത്തില്‍ ആര്‍സിബിയോട് തോറ്റതാണ് ഡല്‍ഹിക്ക് വിനയായത്. പ്ലേ ഓഫിലെത്തിയില്ലെങ്കിലും ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാണ് ഡല്‍ഹിയുടെ ആഗ്രഹം.
ലഖ്‌നൗവിന് ഇന്നത്ത പോരാട്ടം കൂടാതെ മുംബൈയുമായും മത്സരമുണ്ട്. 12 പോയിന്റാണ് ലഖ്‌നൗവിനുള്ളത്. ഡല്‍ഹിയെയും മുംബൈയെയും തോല്‍പ്പിച്ചാല്‍ ലഖ്‌നൗവിന് പ്ലേ ഓഫ് കടക്കാനായേക്കും. അതേസമയം, ടീമിനുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിനെതിരായ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. റണ്‍റേറ്റും കുത്തനെ ഇടിഞ്ഞു. അതിന് പുറമെ ടീം ഉടമ ക്യാപറ്റൻ കെ എല്‍ രാഹുലിനെ പരസ്യമായി അധിക്ഷേപിച്ചത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രാഹുലിനെ നായകസ്ഥാനത്ത് നിന്ന മാറ്റുമെന്ന വാർത്ത പുറത്തു വന്നിരുന്നെങ്കിലും പിന്നീട് ലഖ്‌നൗ ഇത് തള്ളി.