പ്ലേ ഓഫ് സാധ്യത നിലനിർത്തി ചെന്നൈ; രാജസ്ഥാനെ വീഴ്ത്തിയത് 5 വിക്കറ്റിന്

Update: 2024-05-13 05:11 GMT

ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിന്റെ അടിത്തെറ്റിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിന് അരികെ. രാജസ്ഥാൻ ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം ചെന്നൈ 18.2 ഓവറില്‍ കടന്നു. 5 വിക്കറ്റിനാണ് സിഎസ്കെയുടെ ജയം. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്ക്കു കയറിയിരിക്കുകയാണ് ചെന്നൈ.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ സ്ലോ പിച്ചില്‍ നന്നായി പാടുപ്പെട്ടു. പവർപ്ലേയില്‍ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറും ചേർന്ന് 42 റണ്‍സാണ് എടുത്തത്. ശേഷം 21ാം പന്തില്‍ 24 റൺസോടെ ജയ്സ്വാളിനെയും, 25ാം പന്തില്‍ 21 റൺസോടെ ബട്‍ലറെയും മടക്കി പേസർ സിമർജീത് സിംഗ് രാജസ്ഥാനെ സമ്മർദത്തിലാക്കി. ഓപ്പണർമാർ മടങ്ങുമ്പോള്‍ 8.1 ഓവറില്‍ 49 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സിനുണ്ടായിരുന്നത്. ടീമിനെ 100 കടത്തും മുമ്പേ 15-ാം ഓവറിലെ രണ്ടാം പന്തില്‍ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിനെയും സിമർജീത് മടക്കി. 9 ബോളുകളില്‍ 15 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. റിയാന്‍ പരാഗ് ധ്രുവ് ജൂരെൽ കൂട്ടുകെട്ടിൽ നേടിയ 40 റണ്‍സായിരുന്നു രാജസ്ഥാന്റെ ഏക അശ്വാസം. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ ഇന്നിംഗ്സിലെ 20-ാം ഓവറിലെ ആദ്യ ബോളില്‍ ജൂരെല്‍ 18 പന്തില്‍ 28 റൺസുമായി മടങ്ങിയതും രാജസ്ഥാന് തിരിച്ചടിയായി. തൊട്ടടുത്ത പന്തില്‍ ശുഭം ദുബെ ഗോള്‍ഡന്‍ ഡക്കായി. 

മറുപടി ബാറ്റിംഗില്‍ ചെന്നൈ സൂപ്പർ കിംഗ്സ് മോശമല്ലാത്ത തുടക്കം നേടി. നാലാം ഓവറില്‍ രചിന്‍ രവീന്ദ്രയെ സ്പിന്നർ രവിചന്ദ്ര അശ്വിന്‍ പുറത്താക്കുമ്പോൾ ടീം സ്കോർ 32 ഉണ്ടായിരുന്നു. ഇതിന് ശേഷം രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദും ഡാരില്‍ മിച്ചലും സിഎസ്കെയെ അനായാസം മുന്നോട്ട് നയിച്ചു. എട്ടാം ഓവറില്‍ യൂസ്‍വേന്ദ്ര ചാഹൽ മിച്ചലിനെ 13 പന്തില്‍ 22 റൺസുമായി എല്‍ബിയില്‍ മടക്കി. ഇതിന് ശേഷം മൊയീന്‍ അലിയെ 13 പന്തില്‍ 10 റൺസുമായി നാന്ദ്ര ബർഗറും, ശിവം ദുബെയെ 11 പന്തില്‍ 18 റൺസുമായി അശ്വിനും മടക്കിയതോടെ ചെന്നൈക്ക് ജയിക്കാന്‍ 36 ബോളില്‍ 35 റണ്‍സ്. ഇപാക്ട് പ്ലെയറായി ഇറങ്ങിയ സമീർ റിസ്‍വിക്കൊപ്പം നായകന്‍ റുതു സിഎസ്കെയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തുന്ന വിജയം സമ്മാനിച്ചു.

Tags:    

Similar News