ഔട്ടായ രോഷത്തിൽ കലിപ്പിൽ ഹെൽമെറ്റ് അടിച്ചു പറത്തി വെസ്റ്റിൻഡീസ് താരം; സംഭവം മാക്സ് 60 കരീബിയൻ ടി10 ക്രിക്കറ്റ് ലീഗിനിടെ
കട്ടകലിപ്പിൽ ഹെൽമറ്റ് അടിച്ചുപറത്തി വെസ്റ്റിൻഡീസ് താരം കാർലോസ് ബ്രാത്‍വെയ്റ്റ്. മാക്സ് 60 കരീബിയൻ ടി10 ക്രിക്കറ്റ് ലീഗിനിടെ പുറത്തായതിന്റെ രോഷം തീർക്കാനാണ് താരം ഹെൽമറ്റ് ബൗണ്ടറിയിലേക്ക് പറത്തിയത്. ഗ്രാൻഡ് കെയ്മൻ ജാഗ്വേഴ്സിനെതിരായ മത്സരത്തിലായിരുന്നു ന്യൂയോർക്ക് സ്ട്രൈക്കേഴ്സ് താരത്തിന്റെ രോഷ പ്രകടനം. മത്സരത്തിൽ അഞ്ച് പന്തുകളിൽ ഏഴു റൺസെടുത്തു നിൽക്കെയാണ് ബ്രാത്‍വെയ്റ്റ് പുറത്തായത്.
ഐറിഷ് താരം ജോഷ് ലിറ്റിലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്യാച്ചെടുത്താണ് ബ്രാത്‍വെയ്റ്റ് പുറത്തായത്. എന്നാല്‍ പന്ത് താരത്തിന്‍റെ തോളിലാണ് തട്ടിയിരുന്നത്. വിക്കറ്റ് കീപ്പര്‍ അപ്പീല്‍ ചെയ്തതും അമ്പയര്‍ ഔട്ട് വിധിച്ചു. അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ വിശ്വാസം വെരാത്ത ഭാവത്തിൽ കുറച്ചുനേരം ഗ്രൗണ്ടിൽ നിന്ന ശേഷം താരം ഗ്രൗണ്ട് വിട്ടു. ഡ്രസ്സിങ് റൂമിലേക്ക് മടങ്ങവെയായിരുന്നു താരത്തിന്‍റെ രോഷപ്രകടനം .