ഐപിഎൽ; ചെന്നൈയ്ക്ക് വീണ്ടും തിരിച്ചടി, കോണ്‍വെക്കും, പതിരണയ്ക്കും പിന്നാലെ ബം​ഗ്ലാ പേസർക്കും പരിക്ക്

Update: 2024-03-19 04:39 GMT

ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസൺ തുടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി. ബം​ഗ്ലാദേശ് ബൗളർ മുസ്തഫിസുർ റഹ്മാന് പരിക്കേറ്റതാണ് തിരിച്ചടിയായത്. നേരത്തെ ഓപ്പണിങ് ബാറ്റ്സ്മാൻ ഡെവോണ്‍ കോണ്‍വെക്കും ശ്രീലങ്കൻ പേസർ മതീഷ പതിരണയ്ക്കും പരിക്കേറ്റിരുന്നു. ഇന്നലെ ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ 48-ാം ഓവര്‍ എറിയാനെത്തിയ മുസ്തഫിസുര്‍ ബൗളിംഗ് പൂര്‍ത്തിയാക്കാനാകാതെ മടങ്ങി. ആദ്യ പന്തെറിഞ്ഞതിന് പിന്നാലെ കടുത്ത പേശിവലിവ് കാരണം താരം എഴുന്നേല്‍ക്കാന്‍ പോലുമാകാതെ നിലത്ത് വീഴുകയായിരുന്നു. പിന്നീട് സ്ട്രെച്ചറിലാണ് ബം​ഗ്ലാ പേസറെ ഗ്രൗണ്ടില്‍ നിന്ന് ചികിത്സക്കായി കൊണ്ടുപോയത്.

രാജസ്ഥാൻ റോയൽസിൽ നിന്നാണ് കഴിഞ്ഞ താരലേലത്തിൽ മുസ്തഫിസുറിനെ ചെന്നൈ സൂപ്പർ കിങ്സിലെത്തിച്ചത്. ഐപിഎല്ലില്‍ മികച്ച വിദേശ ബൗളറുടെ അഭാവമുള്ള ചെന്നൈ നിരയിലെ അവസാന പ്രതീക്ഷയായിരുന്നു മുസ്തഫിസുര്‍. ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റായ ശ്രീലങ്കയുടെ മതീഷ പതിരണ പരിക്കിനെ തുടർന്ന് ഐപിഎലിന്റെ ആദ്യപാദ മത്സരങ്ങളിലുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. ന്യൂസിലന്‍ഡ് ഓപ്പണറായ ഡെവോണ്‍ കോണ്‍വെയും പരിക്കുമൂലം ആദ്യ പകുതിയില്‍ കാണില്ല. വിജയത്തോടെ സീസൺ ആരംഭിക്കണം എന്ന നിലവിലെ ചാമ്പ്യന്മാരുടെ ആ​ഗ്രഹിത്തിന് തടയിടുന്നതാണ് പ്രധാന താരങ്ങളുടെ പരിക്കുകൾ. പതിരണയ്ക്കും മുസ്തഫിസുറിനും പിന്നാലെ ആശ്രയിക്കാവുന്ന വിദേശ ബൗളര്‍മാരൊന്നും ചെന്നൈ നിരയിലില്ല. ഷാര്‍ദ്ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, രാജ്യവര്‍ധന്‍ ഹങ്കരേക്കര്‍, സിമര്‍ജീത് സിംഗ്, മുകേഷ് ചൗധരി എന്നിവരാണ് ചെന്നൈ പേസ് നിരയിലുള്ളത്.

Tags:    

Similar News