ഗ്രൗണ്ട് സ്റ്റാഫിന് സര്‍പ്രൈസ് സമ്മാനവുമായി ജയ് ഷാ, 25 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു
ഐപിഎൽ കലാശക്കൊട്ടിന് പിന്നാലെ വലിയ പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. സീസണിന്റെ വിജയകരമായ നടത്തിപ്പിനായി അഹോരാത്രം പ്രയത്നിച്ച ഗ്രൗണ്ട് സ്റ്റാഫിനായി വലിയ സമ്മാനത്തുകയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയായ പത്ത് സ്റ്റേഡിയങ്ങളിലെയും ഗ്രൗണ്ട്സ്മാന്‍മാര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും ബിസിസിഐ സെക്രട്ടറി 25 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു.
ബിസിസിഐയുടെ പാരിതോഷികത്തിന് അര്‍ഹരായവര്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈഡൻ ഗാർഡൻസ്-കൊൽക്കത്ത, സൺറൈസേഴ്സ് ഹൈദരാബാദ് രാജീവ് ഗാന്ധി ഇൻന്‍റനാഷണൽ സ്റ്റേഡിയം-ഹൈദരാബാദ്, എംഎ ചിദംബരം സ്റ്റേഡിയം- ചെന്നൈ, അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം-ന്യൂഡൽഹി, അടൽ ബിഹാരി വാജ്‌പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയം- ലഖ്‌നൗ, സവായ് മാൻസിംഗ് സ്റ്റേഡിയം-ജയ്പൂര്‍, എം ചിന്നസ്വാമി സ്റ്റേഡിയം-ബെംഗളൂരു, നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം-ഗുജറാത്ത്, മഹാരാജ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം-മുള്ളന്‍പൂര്‍, വാങ്കഡെ സ്റ്റേഡിയം-മുംബൈ എന്നീ സ്റ്റേഡിയങ്ങളിലെ ഗ്രൗണ്ട സ്റ്റാഫും ക്യൂറേറ്റര്‍മാരുമാണ്.
10 ടീമുകളുടെയും ഹോം ഗ്രൗണ്ടിലുള്ള സ്റ്റാഫുകൾക്ക് മാത്രമല്ല ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ ആദ്യ മൂന്ന് ഹോം ഗെയിമുകൾ കളിച്ച വിശാഖപട്ടണത്തിലെ ഡോ വൈഎസ് രാജശേഖർ റെഡ്ഡി ഇന്‍റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെയും പഞ്ചാബ് കിംഗ്സ് അവസാന രണ്ട് ഹോം മത്സരങ്ങള്‍ കളിച്ച ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെയും രാജസ്ഥാന്‍ റോയല്‍സ് അവസാന ഹോം മത്സരങ്ങള്‍ കളിച്ച ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലെയും ഗ്രൗണ്ട്സ്മാന്‍മാര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും ബിസിസിഐയുടെ പാരിതോഷികം ലഭിക്കും.