ബംഗ്ലാദേശിനെ നാലുറണ്‍സിന് കീഴടക്കി ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടില്‍

Update: 2024-06-11 06:32 GMT

 ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ നാലു റണ്‍സിന് കീഴടക്കി ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടില്‍ ഇടംനേടി. നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന ഓവറില്‍ 11 റണ്‍സ് ആണ് ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. ഇത് പ്രതിരോധിച്ചാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8 ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയതും അവസാന ഓവറിലാണ്.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 9.5 ഓവറില്‍ നാലിന് 50 റണ്‍സെന്ന നിലയില്‍ പ്രതിസന്ധിയിലായ ബംഗ്ലാദേശിനെ പിന്നീട് മത്സരത്തിലേക്ക് തിരികെയെത്തിച്ചത് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച തൗഹിദ് ഹൃദോയ് - മഹ്മദുള്ള സഖ്യമായിരുന്നു. 44 റണ്‍സ് ചേര്‍ത്ത ഈ സഖ്യം ടീമിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും 18-ാം ഓവറില്‍ ഹൃദോയിയെ മടക്കി കാഗിസോ റബാദ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു.

34 പന്തില്‍ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 37 റണ്‍സായിരുന്നു ഹൃദോയിയുടെ സമ്പാദ്യം.27 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത മഹ്മദുള്ള കേശവ് മഹാരാജ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായതോടെ ബംഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു. നേരത്തെ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 113 റണ്‍സ് സ്‌കോര്‍ ചെയ്തത്. 44 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ക്ലാസനാണ് ടോപ് സ്‌കോറര്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. 24 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ നാല് മുന്‍നിര ബാറ്റര്‍മാരാണ് നഷ്ടമായത്. മൂന്ന് വിക്കറ്റ് നേട്ടത്തോടെ ടന്‍സിം ഹസന്‍ ഷാകിബാണ് ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കിയത്. ക്വിന്റണ്‍ ഡി കോക്ക്(18), റീസ ഹെന്‍ഡ്രികസ്(0), എയ്ഡന്‍ മാര്‍ക്രം(4), സറ്റ്ബ്സ്(0) എന്നിവരാണ് പുറത്തായത്. അഞ്ചാം വിക്കറ്റില്‍ ക്ലാസനും(44 പന്തില്‍ 46) ഡേവിഡ് മില്ലര്‍(38 പന്തില്‍ 29) കൂട്ടുകെട്ടാണ് വന്‍തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്. ബംഗ്ലാദേശിനായി ഹസന്‍ ഷാകിബ് മൂന്നും ടസ്‌കിന്‍ അഹമ്മദ് രണ്ടും റിഷാദ് ഹുസൈന്‍ ഒരു വിക്കറ്റും വീഴ്ത്തി.

Tags:    

Similar News