സൗഹൃദ മത്സരത്തില്‍ കോസ്റ്ററിക്കയെ തകർത്ത് അർജന്റീന; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

Update: 2024-03-27 06:37 GMT

ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡെടുത്ത കോസ്റ്റോറിക്കയുടെ അട്ടിമറി മോഹങ്ങള്‍ രണ്ടാം പകുതിയില്‍ തകര്‍ത്തെറിഞ്ഞ അര്‍ജന്‍റീനക്ക് രാജ്യാന്തര സൗഹൃദ മത്സരത്തില്‍ തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നായകന്‍ ലിയോണല്‍ മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്‍റീന കോസ്റ്റോറിക്കയെ തകര്‍ത്തുവിട്ടത്.

ആദ്യ പകുതിയില്‍ 34-ാം മിനിറ്റില്‍ കോസ്റ്റ ഉഗ്ലൈഡിന്‍റെ ഗോളില്‍ അപ്രതീക്ഷിതമായി മുന്നിലെത്തിയ കോസ്റ്റോറിക്ക അര്‍ജന്‍റീനയെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്നതോടെ അട്ടിമറി പ്രതീക്ഷിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ലോക ചാമ്പ്യന്‍മാരുടെ പ്രകടനം പുറത്തെടുത്ത അര്‍ജന്‍റീന 52-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയിലൂടെ സമനില ഗോള്‍ നേടി.

നാലു മിനിറ്റിനകം അലക്സിസ് മക് അലിസ്റ്റര്‍ അര്‍ജന്‍റീനക്ക് ലീഡ് സമ്മാനിച്ച് രണ്ടാം ഗോളും നേടി. പകരക്കാരനായി ഇറങ്ങിയ ലൗതാരോ മാര്‍ട്ടിനെസ് 77-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി അര്‍ജന്‍റീനയുടെ ഗോള്‍ പട്ടിക തികച്ചു. അര്‍ജന്‍റീനയുടെ ഉറച്ച ഗോള്‍ ഷോട്ട് ഗോള്‍ ലൈന്‍ കടക്കുന്നതിന് മുമ്പ് കോസ്റ്റോറിക്കന്‍ ഡിഫന്‍ഡര്‍ അവിശ്വസനീയമായി തട്ടിയകറ്റിയില്ലായിരുന്നെങ്കില്‍ ലോക ചാമ്പ്യന്‍മാരുടെ വിജയം ഇതിലും വലിയ മാര്‍ജിനിലായിയേനെ. കഴിഞ്ഞയാഴ്ച എൽ സാൽവദോറിന് എതിരായ സന്നാഹമത്സരത്തിൽ അർജന്‍റീന എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു.

Tags:    

Similar News