അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഗ്രിസ്മാന്‍

Update: 2024-09-30 12:42 GMT

ഫ്രാന്‍സിന് രണ്ടാം ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരം അന്റോയിന്‍ ഗ്രിസ്മാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ സ്പാനിഷ് ലാ ലിഗ ടീം അത്‌ലറ്റിക്കോ മാഡ്രിഡ് താരമാണ് ഗ്രിസ്മാന്‍. ഫ്രാന്‍സിനായി 137 മത്സരങ്ങള്‍ കളിച്ചു. 44 ഗോളുകളും നേടി. 10 വര്‍ഷത്തോളം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് 33കാരന്‍ വിരാമം കുറിച്ചത്. ക്ലബ് ഫുട്‌ബോളില്‍ തുടരും.

നെതര്‍ലന്‍ഡ്‌സിനെതിരെ 2014ല്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തിലാണ് താരം ഫ്രാന്‍സിനായി അരങ്ങേറിയത്. പിന്നീട് ദിദിയര്‍ ജെഷാംപ്‌സ് ഫ്രഞ്ച് പരിശീലകനായി എത്തിയതോടെ താരം ടീമിനെ അവിഭാജ്യ ഘടകമായി. ഗോളടിക്കാനും ഗോളിനു വഴിയൊരുക്കാനുമുള്ള താരത്തിന്റെ കഴിവിനെ ദെഷാംപ്‌സ് സമര്‍ഥമായി ഉപയോഗിച്ചു.

2018ല്‍ ഫ്രാന്‍സ് രണ്ടാം ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ അതിന്റെ അമരത്തെ നിര്‍ണാക സാന്നിധ്യം ഗ്രിസ്മാനായിരുന്നു. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച മൂന്നാമത്തെ താരമാണ് ഗ്രിസ്മാന്‍. ഹ്യുഗോ ലോറിസ്, ലിലിയന്‍ തുറാം എന്നിവരാണ് ഗ്രിസ്മാന് മുന്നിലുള്ള താരങ്ങള്‍. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഗ്രിസ്മാന്‍. ഒലിവര്‍ ജിറൂദ്, തിയറി ഹെന്റി, കിലിയന്‍ എംബാപ്പെ എന്നിവരാണ് ഗ്രിസ്മാനു മുന്നിലുള്ള താരങ്ങള്‍.


Tags:    

Similar News